
അനധികൃത പാതകൾ അടച്ചെന്നും സർക്കാർ
കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമാണെന്നും സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി പൊലീസും വനം വകുപ്പും ചേർന്ന് അടച്ചെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സന്നിധാനത്തെ പൊലീസ് ചീഫ് കോ ഓർഡിനേറ്റർ ഇന്നുച്ചയ്ക്ക് രണ്ടിന് കോടതിയിൽ ഹാജരായി വിശദീകരിക്കും. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച ഹർജി ഇതേത്തുടർന്ന് ഇന്ന് പരിഗണിക്കാൻ മാറ്റി.
നിലയ്ക്കലിലെ പാർക്കിംഗ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങളും നിലയ്ക്കലിനപ്പുറം ഇലവുങ്കൽ - ളാഹ, ഇലവുങ്കൽ - കണമല റൂട്ടിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തി പത്തനംതിട്ട ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ശബരിമലയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഭക്തർക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയവരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്‌ച സംഭവിച്ചത് മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കഴിഞ്ഞയാഴ്ച ദർശനം നടത്തിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ഹൈക്കോടതി അഭിഭാഷകരായ ലേഖ സുരേഷ്, രാമൻ കർത്താ എന്നിവർ ഇന്നലെ കോടതിയിൽ വിശദീകരിച്ചു. ഈ സാഹചര്യത്തിൽ ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്ന കാര്യം ഹൈക്കോടതി ആലോചിച്ചു. അഭിഭാഷകരുടെ പരാതിയിൽ നടപടി സ്വീകരിക്കുമെന്നും നിലവിൽ അഭിഭാഷക സംഘത്തെ നിയോഗിക്കേണ്ടതില്ലെന്നും സർക്കാർ വിശദീകരിച്ചു.
ശബരിമലയിൽ ദർശനത്തിന് ഒരു മണിക്കൂർ കൂടി സമയം നൽകാമെന്ന് തന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഇതോടെ ഒരു ദിവസം 18 മണിക്കൂർ ദർശനം സാദ്ധ്യമാകുമെന്നും സർക്കാർ അറിയിച്ചു. തീർത്ഥാടക ഷെഡുകളിലും ക്യൂ കോംപ്ളക്സുകളിലും തിരക്കുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മതിയായ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.