കോതമംഗലം: കോൺഗ്രസ് നെല്ലക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെചാലിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം സംഘർഷത്തിൽ കലാശിച്ചു. നവകേരള സദസിന്റെ വാഹനങ്ങൾക്ക് നേരെ കരിങ്കൊടി കാണിക്കാനാണ് നിൽക്കുന്നതെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അലിയെ മർദ്ദിച്ചതെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ഷെമീർ പനയ്ക്കൻ, ബാബു ഏല്യാസ്, പി.എ.എം. ബഷീർ എന്നിവരാണ് ഇന്നലെ രാവിലെ 10ന് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. അനുരഞ്ജന ചർച്ചകൾ വിജയിക്കാതെ വന്നപ്പോൾ കൂടുതൽ പൊലീസിനെ വരുത്തി ഇതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകരും സ്റ്റേഷനിലേക്കെത്തി. പിന്നീട് ബലപ്രയോഗത്തിലൂടെ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് വാനിൽ കയറ്റി ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് പ്രതിഷേധക്കാർക്ക് ജാമ്യം നൽകി.