പറവൂർ: കൗൺസിൽ തിരുമാനത്തിന് വിരുദ്ധമായി നവകേരള സദസിന് ഒരു ലക്ഷം രൂപ നൽകിയ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ നൽകിയ കത്തിന് പറവൂർ നഗരസഭാ സെക്രട്ടറി മറുപടി നൽകി. ഉദ്യോഗസ്ഥനായതിനാൽ സർക്കാർ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. നഗരസഭാ കൗൺസിൽ അനുമതിയില്ലാതെ സെക്രട്ടറി ഫണ്ട് നൽകാൻ പാടില്ല. 25,000 രൂപയിലധികമുള്ള എല്ലാ ഇടപാടുകൾക്കും ചെയർപേഴ്സന്റെ അനുമതി വേണമെന്നാണ് ചട്ടം. ഇതെല്ലാം മറികടന്നാണ് നവകേരള സദസിന്റെ സംഘാടക സമിതിക്ക് സെക്രട്ടറി തുക നൽകിയതെന്ന് ഭരണപക്ഷം പറയുന്നു. നവകേരള സദസിന് തുക നൽകാൻ യു.ഡി.എഫ് ഭരിക്കുന്ന പറവൂർ നഗരസഭ ആദ്യം തീരുമാനിച്ചിരുന്നു. പരിപാടിയിൽ നിന്ന് വീട്ടുനിൽക്കാനും ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുക നൽകേണ്ടതില്ലെന്നും യു.ഡി.എഫ് നേതൃത്വം തിരുമാനിച്ചതോടെയാണ് വീണ്ടും കൗൺസിൽ യോഗം ചേർന്ന് അനുവദിച്ച തുക റദ്ദാക്കാൻ തീരുമാനിച്ചത്. കൗൺസിൽ ചേരുന്നതിന് മുമ്പ് ഫണ്ട് നൽകരുതെന്ന് കാണിച്ച് സെക്രട്ടറിക്ക് ചെയർപേഴ്സൺ കത്ത് നൽകിയിരുന്നു. അടിയന്തര കൗൺസിൽ ചേർന്ന് തുക നൽകേണ്ടെന്ന് തിരുമാനിച്ചതിന് പിന്നാലെ സെക്രട്ടറി നവകേരള സദസിന് കൈമാറുകയായിരുന്നു.