മൂവാറ്റുപുഴ: ജനറൽ ആശുപത്രിക്ക് മുന്നിൽ എം.സി റോഡിന് കുറുകെ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് മൂവാറ്റുപുഴയിൽ നടന്ന നവകേരള സദസിൽ നിവേദനം നൽകി. മൂവാറ്രുപുഴ നീതി മെഡിക്കൽ സ്റ്റോ‌ർ ഫാർമസിസ്റ്ര് പ്രമോദ് കെ. തമ്പാനാണ് നിവേദനം സമർപ്പിച്ചത്. താലൂക്കിലെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യ കേന്ദ്രമാണ് ജനറൽ ആശുപത്രി. എം.സി റോഡിൽ നിന്നാണ് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത്. സ്കൂൾ കുട്ടികളും രോഗികളും അടക്കമുള്ളവർ ഏറെനേരം കാത്തുനിന്നാണ് റോഡ് മുറിച്ചുകടക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രമോദ് കെ.തമ്പാൻ നിവേദനം സമർപ്പിച്ചത്.