പറവൂർ: വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ അഞ്ചുപവൻ സ്വർണമാല ഉടമയായ വീട്ടമ്മയ്ക്ക് തിരികെനൽകി ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. പറവൂർ കാട്ടിൽപറമ്പിൽ അക്ഷയുടെ ഭാര്യയുടെ അഞ്ച് പവൻ താലിമാലയാണ് നഷ്ടപ്പെട്ടത്. കണ്ണൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ സ്റ്റാൻഡിൽ പതിനഞ്ച് വർഷമായി ഉണ്ണി ഗണപതി ഓട്ടോറിക്ഷ ഓടിക്കുന്ന ചെറിയ പല്ലംതുരുത്ത് അറക്കൽ വീട്ടിൽ ബെന്നിക്കാണ് (51) മാല കളഞ്ഞുകിട്ടത്. മാല ലഭിച്ച കാര്യം സമീപത്തുള്ളവരോട് ബെന്നി പറയുന്നുണ്ടായിരുന്നു. ആ സമയത്താണ് മാലനഷ്ടപ്പെട്ട വീട്ടമ്മയും ഭർത്താവും സ്ഥലത്തെത്തിയത്. ഇവരുടെതാണെന്ന് ഉറപ്പുവരുത്തിയശേഷം ബെന്നി മാല ദമ്പതികൾക്ക് കൈമാറി. ബെന്നിയുടെ സത്യസന്ധതയ്ക്കു പ്രതിഫലമായി ദമ്പതികൾ പാരിതോഷികവും കൈമാറി.