
മട്ടാഞ്ചേരി: പുരാതന കെട്ടിടങ്ങളിലൊന്നായ കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിത ജീവിതത്തിന് ഒടുവിൽ അറുതിയാകുന്നു.പ്രമുഖ വ്യവസായിയും കാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ എ.എം. നൗഷാദിന്റെ നേതൃത്വത്തിൽ ബിഗ്ബെൻ കെട്ടിട നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആറ് കുടുംബങ്ങൾ ആശ്വാസത്തിലാണ് .
റംസാൻ വൃതം ആരംഭിക്കുന്നതിന് മുമ്പ് നവീകരിച്ച കെട്ടിടത്തിൽ താമസമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ. കഴിഞ്ഞ രണ്ട് വർഷമായി ഇവർ നയിക്കുന്ന ദുരിത ജീവിതം കേട്ടറിഞ്ഞാണ് കെട്ടിട നവീകരണം നൗഷാദ് ഏറ്റെടുത്തത്.
ബിഗ് ബെൻ ഹൗസ് അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന ആറോളം കുടുംബങ്ങൾ മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റുകയായിരുന്നു.
2021 ഒക്ടോബർ 15 നാണ് കനത്ത കാറ്റിലും മഴയിലും ബിഗ് ബെൻ ഹൗസിന്റെ മതിലിൽ വിള്ളൽ വീണത്. 31 പേരാണ് അന്ന് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറിയത്. ഇതിനിടെ സ്വന്തം ഭവനം കാണാനാകാതെ രണ്ട് പേർ മരണമടഞ്ഞു.
നവീകരണ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ,കൗൺസിലർ കെ.എ. മനാഫ്,കെ.എം. റിയാദ്, എൻ.കെ. നാസർ, എം.എ. താഹ,പി.എസ്. ഹംസക്കോയ,അനീഷ് മട്ടാഞ്ചേരി, സി.എ. ഫൈസൽ,സിദ്ധീഖ് നിസാമി പി. എം.എ. സമദ് തുടങ്ങിയവർ സംബന്ധിച്ചു. നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് എ.എം. നൗഷാദ് പറഞ്ഞു.