
കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നൽകുമെന്ന് അറിയിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ഇത് സംബന്ധിച്ച ഹർജി ജനുവരി നാലിന് പരിഗണിക്കാൻ മാറ്റി. 2021 ജനുവരി മുതലുള്ള ആറ് ഗഡു ഡി.എ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരള എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ എന്നിവർ നൽകിയ ഹർജിയാണ് കെ.എ.ടി പരിഗണിക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണങ്ങളും ഡി.എ കുടിശ്ശിക നൽകുന്നതിന് തടസമല്ലെന്നും തുക എന്ന് നൽകാനാവുമെന്ന് സർക്കാർ ഡിസംബർ 11ന് അറിയിക്കണമെന്നും കഴിഞ്ഞ നവംബർ 16ന് കെ.എ.ടി എറണാകുളം ബെഞ്ച് നിർദ്ദേശിച്ചിരുന്നു. കുടിശ്ശികത്തുക എന്ന് നൽകാനാവുമെന്ന് സർക്കാർ രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം ട്രൈബ്യൂണൽതന്നെ തീയതി നിശ്ചയിക്കുമെന്നും കെ.എ.ടി ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിമിന്റെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹർജി പരിഗണനയ്ക്കുവന്നപ്പോൾ സർക്കാർ അഭിഭാഷകൻ സമയം അറിയിക്കാൻ കൂടുതൽ സമയംതേടി. തുടർന്നാണ് ഹർജി മാറ്റിയത്.