ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ പട്ടികജാതി വൃദ്ധന്റെ മൃതദേഹത്തോട് ശ്മശാന ജീവനക്കാരൻ അനാദരവ് കാട്ടിയതായി ആരോപിച്ച് യു.ഡി.എഫ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. നവകേരള സദസിൽ പങ്കെടുക്കേണ്ടതിനാൽ, മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ട സമയത്ത് സംസ്കരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ശ്മശാനം ജീവനക്കാരൻ സ്വീകരിച്ചതെന്നാണ് ആക്ഷേപം. ഇതേതുടർന്ന് കൂടുതൽ പണം നൽകി നഗരത്തിലെ സ്വകാര്യ സംഘടനയുടെ ശ്മശാനത്തിൽ സംസ്കരിക്കേണ്ടി വന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയ ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതിനെതിരെ പട്ടികജാതി കമ്മീഷന് പരാതി നൽകാനാണ് പ്രതിപക്ഷ തീരുമാനം.

ഐ.എൻ.ടി.യു.സി നേതാവ് വി.പി. ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. കൺവീനർ മുജീബ് കുട്ടശേരി അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പുഴിത്തറ, എം.കെ.എ. ലത്തീഫ്, പി.എ. മുജീബ്, പി.എ. മഹ്ബൂബ്, സതീശൻ കുഴിക്കാട്ടുമാലിൽ, പി.ജെ. ജോയ് എന്നിവർ സംസാരിച്ചു.

അനാദരവ് കാട്ടിയിട്ടില്ലെന്ന് ശ്മശാനം ജീവനക്കാരൻ

കീഴ്മാട് പൊതുശ്മശാനത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശ്മശാനത്തിലെ താത്കാലിക ജീവനക്കാരൻ അശോകൻ പറഞ്ഞു. ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം സംസ്കരിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. ഈ സമയം ഇവിടെ മറ്റൊരു മൃതദേഹം സംസ്കരിക്കാൻ ഏറ്റിരുന്നു. തുടർന്ന് നാല് മണിക്ക് സംസ്കരിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ സഹജീവനക്കാരനായ മണിയുമായി സംസാരിച്ച ശേഷം അറിയിക്കാാമെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ ഇവർ നഗരത്തിലെ മറ്റൊരു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. വസ്തുത ഇതായിരിക്കെ ബന്ധുക്കൾക്കില്ലാത്ത പരാതിയാണ് രാഷ്ട്രീയ പ്രേരിതമായി ചിലർ ഉന്നയിക്കുന്നതെന്നും ജീവനക്കാരൻ ആരോപിച്ചു.