
കൊച്ചി: പാലാ കർമ്മലീത്ത മഠത്തിലെ സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാസർകോട് വെഴുവാതട്ടുങ്കൽവീട്ടിൽ സതീഷ് നായരെന്ന സതീഷ്ബാബുവിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തിയത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ കുറ്റത്തിനുവിധിച്ച പത്തുവർഷത്തെ കഠിനതടവ് റദ്ദാക്കി. പാലാ അഡി. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ സതീഷ്ബാബു നൽകിയ അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരാണ് വിധിപറഞ്ഞത്.
2015 സെപ്തംബർ 17ന് രാവിലെയാണ് സിസ്റ്റർ അമലയെ മഠത്തിലെ മുറിയിൽ തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ 2019 സെപ്തംബർ 24ന് പ്രതി സതീഷ്ബാബുവിനെ ഹരിദ്വാറിൽനിന്നാണ് അറസ്റ്റുചെയ്തത്. മോഷണം നടത്താനായി മഠത്തിൽ കയറിയ പ്രതി സതീഷ് കൈക്കോടാലികൊണ്ട് സിസ്റ്റർ അമലയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അമലയുടെ മുറിയിലെ ബാഗിൽനിന്ന് രണ്ടായിരംരൂപയും മറ്റൊരു സിസ്റ്ററിന്റെ മുറിയിലെ അലമാരയിൽനിന്ന് അഞ്ഞൂറുരൂപയും സതീഷ് കവർന്നിരുന്നു. സിസ്റ്റർ അമലയെ തലയ്ക്കടിച്ചുവീഴ്ത്തി ബോധം കെടുത്തിയശേഷം പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തുടർന്നാണ് കൊലപാതകത്തിനുപുറമേ പീഡനം, അതിക്രമിച്ചുകയറൽ, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയത്. എന്നാൽ പീഡനക്കുറ്റം നിലനിൽക്കണമെങ്കിൽ ഇരയെ ജീവനോടെ പീഡിപ്പിക്കണമെന്നും ഈ കേസിൽ മരണംനടന്ന സമയം കൃത്യമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി പീഡനക്കുറ്റവും ഇതിനുള്ള ശിക്ഷയും ഒഴിവാക്കി. കൊലപാതകവും ഭവനഭേദനവുമുൾപ്പെടെയുള്ള മറ്റു കുറ്റങ്ങൾക്ക് വിധിച്ച ശിക്ഷകൾ ശരിവച്ചു. കൊലനടത്തിയത് പ്രതിയാണെന്ന് തെളിയിക്കാൻ വിരലടയാളമുൾപ്പെടെയുള്ള തെളിവുകളിലൂടെ പ്രോസിക്യൂഷന് കഴിഞ്ഞതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു.