
പെരുമ്പാവൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂസെറിഞ്ഞ കെ.എസ്.യു പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാത്ത നരഹത്യാക്കുറ്റം ചുമത്തിയ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. മന്ത്രിമാർക്ക് മാത്രം പൊലീസ് സംരക്ഷണം നൽകിയാൽ പോരെന്നും ജനങ്ങളെക്കൂടി സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി , പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
പ്രതികൾക്കെതിരെ വധശ്രമക്കേസെടുത്തതിൽ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ്
വിമർശനം. പെരുമ്പാവൂരിലെ നവകേരളസദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോയ ബസിന്റെ മുൻവശത്തെ ഗ്ളാസിന് നേരെ ഓടക്കാലി പെട്രോൾ പമ്പിനു സമീപം വച്ചാണ് ഷൂസെറിഞ്ഞത്. ഷൂസ് ബസിന്റെ ഗ്ളാസിൽ കൊള്ളുക പോലും ചെയ്യാത്ത സാഹചര്യത്തിൽ ജാമ്യം ലഭിക്കാത്ത നരഹത്യയുടെ 308-ാം വകുപ്പ് കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയത് എങ്ങനെ നിലനിൽക്കുമെന്ന് മജിസ്ട്രേട്ട് സ്മിത സൂസൻ മാത്യു ചോദിച്ചു. ഗ്ളാസിലൂടെ അകത്തേയ്ക്ക് ഷൂ വീഴില്ലല്ലോയെന്നും കോടതി ചോദിച്ചു.
പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചെന്ന വകുപ്പും പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയെന്ന വകുപ്പും നരഹത്യക്കുറ്റവുമാണ് കുറുപ്പംപടി പൊലീസ് ചുമത്തിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും പൂത്തോട്ട ലാ കോളേജിൽ നിയമ വിദ്യാർത്ഥിയുമായ കെ.സി വർഗീസ്, ഇതേ കോളേജിലെ വിദ്യാർത്ഥികളായ ജിബിൻ മാത്യു, ദേവകുമാർ, തൃക്കാക്കര ഭാരതമാത കോളേജ് വിദ്യാർത്ഥികളായ ജെയ്‌സൻ, ജോൺസൻ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതിഷേധിച്ച തങ്ങളെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും നവകേരള സദസിന്റെ സംഘാടകരും മർദ്ദിച്ചതായി പ്രതികൾ കോടതിയെ അറിയിച്ചു. പൊലീസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് അവർ ധരിപ്പിച്ചു. ഇവർക്ക് നേരെ ആക്രമണമുണ്ടായെങ്കിൽ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തോയെന്നും കോടതിയിൽ അവരെ കൊണ്ടുവരേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോൾ അവർക്ക് സംരക്ഷണം നല്‍കാൻ പൊലീസിന് ഉത്തരവാദിത്തമില്ലേയെന്ന് ചോദിച്ച കോടതി, രണ്ടു തരം നീതി പൊലീസ് എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് ആരാഞ്ഞു. സംഭവത്തിൽ വീഴ്ച്ച വരുത്തിയ പൊലീസുകാർക്കെതിരെ വിശദമായ പരാതി എഴുതി നൽകാൻ പ്രതികളോട് കോടതി നിർദ്ദേശിച്ചു. പൊലീസുകാരുടെ പേരുകളും എഴുതി നൽകണം. പരാതി ലഭിച്ച ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.