lisie

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയാ രംഗത്ത് അപൂർവതകൾ അടയാളപ്പെടുത്തി ഹരിനാരായണൻ ലിസി ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. ഇതേസ്ഥിതി അതിജീവിച്ചെത്തിയ ജ്യേഷ്ഠൻ സൂര്യനാരായണൻ ധൈര്യംപകർന്ന് ചേർന്നുനിന്നു.

പതിനാറുകാരനായ ഹരിനാരായണന് കഴിഞ്ഞമാസം അവസാനമാണ് ഹൃദയം മാറ്റിവച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെൽവിൻ ശേഖറിന്റെ ഹൃദയമാണ് ഹരിനാരായണനിൽ മിടിക്കുന്നത്.

സഹോദരൻ സൂര്യനാരായണന് 2021ൽ ലിസി ആശുപത്രിയിൽത്തന്നെ ഹൃദയമാറ്റം നടത്തിയിരുന്നു. രണ്ടു സഹോദരന്മാർക്കും ഗുരുതരമായ ഹൃദ്രോഗം നിർണയിക്കപ്പെടുക, ഇരുവർക്കും ഹൃദയം മാറ്റിവയ്ക്കേണ്ടിവരിക, ഒരേ ഡോക്ടർ തന്നെ ശസ്ത്രക്രിയ നടത്തുക, രണ്ടുപേർക്കും വ്യോമമാർഗം തിരുവനന്തപുരം നഗരത്തിൽനിന്ന് ഹൃദയമെത്തിക്കുക എന്നിങ്ങനെ അപൂർവതകൾ ഏറെ. കായംകുളം സ്വദേശികളായ ബിന്ദുവിന്റെയും സതീഷിന്റെയും മക്കളാണ് സൂര്യയും ഹരിയും.

ഹരിനാരായണൻ പൂർണ ആരോഗ്യവാനാണെന്ന് ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

കടുത്ത ദു:ഖത്തിനിടയിലും അവയവങ്ങൾ ദാനംചെയ്യുവാൻ വലിയ മനസ് കാണിച്ച സെൽവിന്റെ കുടുംബത്തെ മറക്കുവാൻ കഴിയില്ലെന്ന് ഹരിനാരായണൻ പറഞ്ഞു. ഹൃദയം കടംകൊണ്ട ജ്യേഷ്ഠൻ സൂര്യനാരായണനും ആരോഗ്യവാനാണ്. കഴിഞ്ഞദിവസം നടന്ന ട്രാൻസ്‌പ്ളാന്റ് ഗെയിംസിൽ നീന്തൽ മത്സരത്തിലടക്കം സൂര്യനാരായണൻ മെഡലുകൾ നേടിയിരുന്നു.

ഹൃദയമെത്തിക്കാൻ സൗജന്യമായി ഹെലികോപ്ടർ വിട്ടുനൽകിയ മുഖ്യമന്ത്രി പിണറായി വിജയനും മുൻകൈയെടുത്ത മന്ത്രി പി. രാജീവിനും ഗതാഗത ക്രമീകരണങ്ങൾ ഒരുക്കിയ പൊലീസ് സേനയ്ക്കും ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ നന്ദി പറഞ്ഞു.