കൊച്ചി: എളമക്കരയിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ എഴുപുന്ന സ്വദേശി അശ്വതി(25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി. ഷാനിഫ്(25) എന്നിവർ റിമാൻഡിലാണ്. നാളെ കോടതി അപേക്ഷ പരിഗണിക്കും. തുടർന്ന് വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കും. കൊലപാതകം, ജുവൈനൽ ജസ്റ്റി​സ് ആക്ടിലെ വിവിധ വകുപ്പുകൾ അടക്കമുള്ളവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദേഹത്ത് പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിൽ വിവരമറിയിച്ചതി​നെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര പീഡനവും കൊലപാതകവും സ്ഥിരീകരിച്ചത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി ഷാനിഫ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും അതിന് മാതാവ് അശ്വതി കൂട്ടുനിന്നെന്നുമാണ് പൊലീസ് കണ്ടെത്തൽ. കളമശേരി മെഡിക്കൽ കോളേജി​ൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ആളെത്തിയിട്ടി​ല്ല. മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെങ്കിൽ അനാഥമായി പ്രഖ്യാപിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.