naga

പെരുമ്പാവൂർ: അപൂർവമായി മാത്രം കാണപ്പെടുന്ന നാഗശലഭത്തെ കൂവപ്പടിയിൽ കണ്ടെത്തി. മുടക്കുഴ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വാട്ടർ ടാങ്ക് കമ്പനിയിലെ സി.പി.ഐ. നേതാവായ രാധാകൃഷ്ണൻ വീച്ചാട്ടാണ് ശലഭത്തെ കണ്ടത്. ചുവപ്പുനിറത്തിന് മേൽക്കൈയുള്ള തവിട്ടുനിറത്തോട് കൂടിയ വലിയ ചിറകുകളുള്ള ഇത്തരം ശലഭങ്ങൾക്ക് അറ്റ്‌ലസ് മോത്ത് എന്നാണ് ഇംഗ്ലീഷിലുള്ള പേര്. ചിറകിന്റെ മൂലയ്ക്ക് സർപ്പശിരസുമായുള്ള സാമ്യംകൊണ്ടാണ് ഇവയ്ക്ക് നാഗശലഭം എന്ന പേര് വന്നത്. വിടർത്തിയാൽ ത്രികോണാകൃതിയുള്ള ചിറകിന് പന്ത്രണ്ട് ഇഞ്ചോളം വലിപ്പമുണ്ടാകും. പെൺശലഭങ്ങൾക്ക് ഇതിലും കൂടുതലാണ്. രാത്രികാലത്ത് പറന്നുനടക്കുന്ന ഇത്തരം ശലഭങ്ങൾക്ക് പലപ്പോഴും രക്ഷയാകുന്നത് സർപ്പശിരസ് ആലേഖനം ചെയ്ത ചിറകുകളാണ്.