court

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടച്ചിട്ടമുറിയിൽ (ഇൻ ക്യാമറ) വാദം കേൾക്കും. ഇതിനായി ഹർജി 14 ലേക്ക് മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് രഹസ്യവാദം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരയുടെയും രക്ഷിതാക്കളുടെയും സ്വകാര്യത സംരക്ഷിക്കാൻ ഈ ആവശ്യം അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

14 ന് വൈകിട്ട് നാലിന് രഹസ്യവാദം നടത്താമെന്ന് കോടതി വ്യക്തമാക്കിയാണ് ഹർജി മാറ്റിയത്. യുവതി ഉൾപ്പെട്ട മറ്റൊരു കേസും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ഈ കേസിൽ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്.

നിയമസഹായം തേടിയെത്തിയ തന്നെ കഴിഞ്ഞ ഒക്ടോബറിൽ മനു പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴിൽരംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നും അഡ്വ. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. തന്നെയും കുടുംബത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അപവാദപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നും മനു ആരോപിച്ചിരുന്നു.