
കൊച്ചി: കൊച്ചി -രാമേശ്വരം ദേശീയപാത 85 ൽ എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടു പട്ടണങ്ങളിലെയും ഗതാഗതക്കുരുക്കും തിരക്കും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ബൈപ്പാസുകൾ നിർമ്മിക്കുന്നത്.
ബൈപ്പാസിന് വേണ്ടി 30 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് ഇന്ത്യാ ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. കോതമംഗലം, വാരപ്പെട്ടി വില്ലേജുകളിൽ 3.8 കിലോമീറ്റർ നീളത്തിൽ കോതമംഗലം ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കും. കോതമംഗലം, വെള്ളൂർക്കുന്നം വില്ലേജുകളിൽ 4.3 കിലോമീറ്റർ നീളത്തിൽ മൂവാറ്റുപുഴ ബൈപ്പാസിനും ഭൂമി ഏറ്റെടുക്കും. ദേശീയപാത നിയമം 1956 ലെ 3 എ ഉപവകുപ്പ് ഒന്ന് പ്രകാരമാണ് നടപടി.
മൂവാറ്റുപ്പുഴ ബൈപ്പാസ് കനേഡിയൻ സെൻട്രൽ സ്‌കൂളിന്റെ സമീപത്ത് ആരംഭിച്ച് ഭക്തനന്ദനാർ ടെമ്പിൾ റോഡിൽ അവസാനിക്കും. കോതമംഗലം ബൈപ്പാസ് അയ്യൻകാവ് ഹൈസ്‌കൂൾ സമീപത്ത് ആരംഭിച്ച് ആലുങ്കൽ റബർ നഴ്‌സറിക്ക് സമീപം അവസാനിക്കും.
ആക്ഷേപങ്ങൾ 29 വരെ
ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ ഉടമകൾക്ക് ഈമാസം 29 വരെ സമർപ്പിക്കാം. സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (ദേശീയപാത), വടക്കൻ പറവൂർ, എറണാകുളം 683513 എന്ന വിലാസത്തിൽ തപാൽ, ഇ മെയിൽ എന്നിവ മുഖേന പരാതികൾ നൽകാം. നേരിട്ടും പരാതികൾ സമർപ്പിക്കാം. പരാതികളിൽ ഹിയറിംഗ് നടത്തും. ഇ മെയിൽ: dycollectorlanh85ekm@gmail.com
തിരുവാങ്കുളം -കുണ്ടന്നൂർ
ബൈപ്പാസ് മന്ദഗതിയിൽ
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെയും ഇടുക്കിയുടെയും വികസനത്തിന് സഹായിക്കുന്നതാണ് ദേശീയപാത. കൊച്ചിയിൽ ആരംഭിച്ച് കുണ്ടന്നൂർ, തിരുവാങ്കുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, മൂന്നാർ, പൂപ്പാറ, ബോഡിമെട്ട് വഴിയാണ് പാത കടന്നുപോകുന്നത്.
പട്ടണങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ബൈപ്പാസുകൾ നിർമ്മിക്കുന്നത്. മൂവാറ്റുപുഴയിലും കോതമംഗലത്തും ബൈപ്പാസുകൾ നിർമ്മിക്കുന്നതോടെ ഗതാഗതം സുഗമമാകും. തിരുവാങ്കുളത്തിനും കുണ്ടന്നൂരിനുമിടയിലും ബൈപ്പാസ് നിർമ്മിക്കാൻ നിർദ്ദേശമുണ്ടെങ്കിലും നടപടികൾ കാര്യമായി മുന്നേറിയിട്ടില്ല.
ദേശീയപാത 85
ആകെ ദൂരം : 440 കിലോമീറ്റർ
കേരളത്തിൽ : 168 കിലോമീറ്റർ
തുടക്കം : കൊച്ചി തുറമുഖം
ഒടുക്കം : രാമേശ്വരം (തമിഴ്നാട് )
പ്രധാന സ്ഥലങ്ങൾ : മൂവാറ്റപുഴ, അടിമാലി, മൂന്നാർ, തേനി, മധുര, പാമ്പൻപാലം, രാമനാഥപുരം