star

കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് ഏപ്രിൽ മുതൽ സെപ്തംബർ വരെ കേരളത്തിൽ 349 കോടി രൂപയുടെ ക്ളെയിമുകൾ തീർപ്പാക്കി.

ആകെ ക്ളെയിമുകളിൽ 162 കോടി രൂപ വനിതകൾക്കാണ് അനുവദിച്ചതെന്ന് സ്റ്റാർ ഹെൽത്ത് ചീഫ് ക്ളെയിംസ് ഓഫീസർ കെ. സനത്കുമാർ പറഞ്ഞു. 314 കോടി രൂപ പണരഹിതചികിത്സാ സംവിധാനത്തിലാണ് നൽകിയത്. 35 കോടി റീ ഇമ്പേഴ്സ്‌മെന്റായും നൽകി. പണരഹിത ക്ളെയിമുകൾ രണ്ടു മണിക്കൂറിനകവും റീ ഇമ്പേഴ്സ്‌മെന്റുകൾ ഏഴു ദിവസത്തിനകവും അനുവദിക്കും.

ജില്ലാ ഉപഭോക്തൃ കോടതികളിൽ നിന്നുണ്ടായ പ്രതികൂല ഉത്തരവുകൾക്കെതിരെ സംസ്ഥാന കോടതിയിൽ അപ്പീൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 768 എംപാനൽഡ് ആശുപത്രികളുണ്ട്. 60 ശാഖകളും 43,700 ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.

സീനിയർ വൈസ് പ്രസിഡന്റ് ആർ.എസ്. സുരേഷ്, സോണൽ മാനേജർ ഇ.ജെ. ഷൈജു, അസിസ്റ്റന്റ് സോണൽ മാനേജർ സി.കെ. രാമചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.