p

ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി ചൈന, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, റഷ്യ, യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളായ ഉക്രൈൻ, ജോർജിയ, ഹംഗറി, ഉസ്‌ബെക്കിസ്ഥാൻ, മാൾഡോവ, കസഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതു സംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ മുന്നറിയിപ്പ് പുറത്തിറക്കി.

പഠന കാലയളവ്, പഠിപ്പിക്കുന്ന ഭാഷ, സിലബസ്, ക്ലിനിക്കൽ പരിശീലനം, ഇന്റേൺഷിപ് എന്നിവയിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ ഫോറിൻ മെഡിക്കൽ ബിരുദധാരികൾക്കുവേണ്ടി 2021 ൽ പുറത്തിറക്കിയ റെഗുലേഷൻസ് അനുസരിച്ചുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഡ്മിഷൻ നേടാവൂ. പ്രസ്തുത ചട്ടങ്ങൾക്ക് വിരുദ്ധമായി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കില്ല. പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എഫ്.എം.ജി പരീക്ഷ പാസായാൽ മാത്രമേ അവർക്ക് നാഷണൽ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിക്കൂ. ഇതുവരെയുള്ള എഫ്.എം.ജി വിജയ ശതമാനം 20-ൽ താഴെ മാത്രമാണ്.

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനാൽ ജിയോപൊളിറ്റിക്കൽ സാഹചര്യം വിലയിരുത്താതെ വിദേശ പഠനത്തിന് തുനിയരുത് എന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ മുന്നറിയിപ്പ് നൽകുന്നു.

വെറ്ററിനറി സയൻസിന് ഡിമാൻഡേറുന്നു

തൊഴിൽ സാദ്ധ്യതകൾ വിലയിരുത്തി കൂടുതൽ വിദ്യാർത്ഥികൾ വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന് താത്പര്യപ്പെട്ടുവരുന്നു. രാജ്യത്തിനകത്തും, വിദേശത്തുമുള്ള തൊഴിലവസരങ്ങളാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കൊവിഡിന് ശേഷം ഓമന മൃഗങ്ങളെ വളർത്തുന്നതിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്.

നീറ്റ് പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെ 85 ശതമാനം ബി.വി.എസ്‌സി & എ.എച്ച് സീറ്റുകൾക്ക് പ്രവേശനം നൽകുന്നത്. 15 ശതമാനം അഖിലേന്ത്യ സീറ്റുകൾക്ക് വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയാണ് നീറ്റ് റാങ്കനുസരിച്ച് പ്രത്യേക കൗൺസലിഗ് നടത്തുന്നത്.

യു.പിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീറ്റുകളിൽ 15 ശതമാനം വെറ്ററിനറി കൗൺസിലും, ബാക്കി നീറ്റ് റാങ്ക് വഴിയും നേരിട്ട് നികത്തും. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതികൾ പ്രവേശനത്തിന് അനുവർത്തിച്ചുവരുന്നു. പുതുച്ചേരിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 10 സീറ്റുകളും എൻ.ആർ.ഐ ക്വോട്ട സീറ്റുകളുമുണ്ട്. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ.ആർ.ഐ ക്വോട്ട നിലവിലുണ്ട്. ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ആറോളം സ്വകാര്യ വെറ്ററിനറി കോളേജുകളുണ്ട്. സ്വകാര്യ വെറ്ററിനറി കോളേജുകളിൽ ചേരുന്നതിനുമുമ്പ് വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമുണ്ടോയെന്ന് വിലയിരുത്തണം.

വികസിത രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വെറ്ററിനറി ബിരുദത്തിന് ഇന്ത്യയിൽ വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമില്ല. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ വികസിത രാജ്യങ്ങളിലെ ഡോക്ടർ ഒഫ് വെറ്ററിനറി മെഡിസിൻ (ഡി.വി.എം) പ്രോഗ്രാമിന് ഇന്ത്യയിൽ അംഗീകാരമുണ്ട്.