കൊച്ചി: ശബരിമല തീർത്ഥാടനത്തിൽ ആർക്കും ഉത്തരവാദിത്വമില്ലാത്ത സങ്കടകരമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അനങ്ങാതിരിക്കുന്ന സർക്കാരിനെയും ദേവസ്വത്തെയും കോടതി കുത്തിയിളക്കി എന്തെങ്കിലും ചെയ്യിക്കുമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സമരകാലത്ത് പ്രത്യേക താത്പര്യമെടുത്ത് കൊണ്ടുവന്നവർക്ക് ദർശനം നടത്താൻ സർക്കാരും പൊലീസും പരിശ്രമിച്ചതിന്റെ നൂറിലൊന്ന് ശ്രമം മതിയായിരുന്നു ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ. സർക്കാരും ദേവസ്വവും കൈകഴുകുകയാണ്.
പരിചയമുള്ള പൊലീസ് ഓഫീസർമാരില്ലെന്നാണ് ദേവസ്വംബോർഡ് പറയുന്നത്. അവധി ദിവസങ്ങളിൽ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയിൽ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തിയത്. പ്രശ്‌നങ്ങളുണ്ടായി അഞ്ചാംദിവസം ഓൺലൈൻ യോഗം നടത്തിയിട്ട് എന്തുകാര്യം. സൗകര്യം ഒരുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു.
പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ പമ്പയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്ന് സർക്കാരിനെ അറിയിക്കും.
കരിങ്കൊടി പ്രകടനം ക്രിമിനൽ പ്രവർത്തനമാണെന്ന ഗവർണറുടെ അഭിപ്രായത്തോട് യോജിപ്പില്ല. ഇന്റലിജൻസ് റിപ്പോർട്ടും സുരക്ഷാരഹസ്യങ്ങളും ചോർത്തിക്കൊടുത്ത സ്വന്തക്കാർക്കെതിരെ നടപടിക്ക് പിണറായി വിജയൻ തയ്യാറാകില്ല.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മറുവശത്ത്, ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് കൈകൊടുക്കാൻ പറയുന്നത് വിരോധാഭാസമാണ്. രാജ്ഭവനിൽ ഗവർണർക്ക് സംഘപരിവാർ ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ ഗവർണറെക്കൊണ്ട് ചെയ്യിക്കാൻ വേണ്ടിയാണത്.
സുരക്ഷാ ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറുടെ കഴുത്തിന് ഞെക്കുന്നത് കണ്ടിട്ടും ചിരിയോടെയാണ് മുഖ്യമന്ത്രി കടന്നുപോയത്. കൂടെ നിൽക്കുന്നവരെയും ചവിട്ടിക്കൂട്ടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വളർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.