
കൊച്ചി: നാഷണൽ സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കമാകും. ജൂഡോ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള ജൂഡോ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് വൈകിട്ട് ആറിന് മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും മുൻ താരങ്ങളും ചടങ്ങിന്റെ ഭാഗമാകും. 28 സംസ്ഥാനങ്ങളിൽ നിന്നായി 600ലധികം താരങ്ങൾ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. മൂന്ന് നാൾ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പ് 15ന് കൊടിയിറങ്ങും. കായിക താരങ്ങൾക്ക് താമസസൗകര്യവും കൊച്ചി മെട്രോയുടെ സൗജന്യ യാത്രപാസുമടക്കം ഒരുക്കളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ജനറൽ കൺവീനർ എ. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.