ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട മിനി ഷോപ്പിംഗ് കോംപ്ളക്സിലെ മുറികളുടെ ലേലം ആരംഭിച്ചു. ഇന്നലെ നടന്ന ലേലത്തിൽ ആകെയുള്ള 40 മുറികളിൽ 14 എണ്ണം ഉറപ്പിച്ചു. അവശേഷിക്കുന്ന മുറികൾക്കായുള്ള പുനർലേലം അടുത്ത നഗരസഭ കൗൺസിൽ യോഗത്തിന് ശേഷം നടക്കും.

5,15,25,35 നമ്പർ മുറികൾ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനാണ്. 80 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് മുറികൾ നഗരസഭ നിർമ്മിക്കും. ഒന്നര മീറ്റർ വീതിയിൽ വരാന്തയുണ്ടാകും. നാല് ലക്ഷം രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റും പ്രതിമാസം 6,000 രൂപ വാടകയുമാണ്. എസ്.സി, എസ്.ടി വിഭാഗത്തിന് മൂന്ന് മാസത്തെ വാടകയാണ് ഡെപ്പോസിറ്റ്. ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പായി ഒരു ലക്ഷം രൂപ നഗരസഭയിൽ അടച്ച് രസീത് ഹാജരാക്കണം. ലേലം ഉറപ്പിച്ചാൽ ഡെപ്പോസിറ്റ് തുകയുടെ മൂന്നിൽ ഒരു ഭാഗത്തിന്റെ അവശേഷിക്കുന്ന തുകയായ 35,000 രൂപ കൂടി ലേല ദിവസം തന്നെ അടയ്ക്കണം. അവശേഷിക്കുന്ന ഡ‌െപ്പോസിറ്റ് തുക നഗരസഭ കെട്ടിടം നിർമ്മിച്ച് കൈമാറുന്നതിന് മുമ്പായി അടയ്ക്കണം.

എസ്.സി, എസ്.ടിക്കാർക്കായി സംവരണം ചെയ്ത മുറികൾക്ക് ലേലം ഇല്ല. അപേക്ഷകരുടെ പേരുകൾ നറുക്കിട്ടെടുക്കും. ഇന്നലെ ഒരാൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തിയെങ്കിലും സമയപരിധി കഴിഞ്ഞതിനാൽ മുറി നൽകിയില്ല. അടുത്ത ലേലത്തിലേക്കായി അപേക്ഷ മാറ്റി.

ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും

ആറ് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കി ലേലം ഉറപ്പിച്ചവർക്ക് മുറികൾ കൈമാറും. സിവിൽ വർക്കുകൾക്ക് 85 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇലട്രിക്കൽ, പ്ളംബിംഗ് ജോലികൾക്കായി 15 ലക്ഷം വേണ്ടിവന്നാലും ഡെപ്പോസിറ്റ് തുകയിൽ അര കോടിയിലേറെ നഗരസഭയ്ക്ക് നീക്കിയിരിപ്പുണ്ടാകും. സമയബന്ധിതമായി കെട്ടിടം പൂർത്തിയാക്കിയാൽ മാത്രം മതി. ഈ കെട്ടിടത്തിൽ ശൗചാലയവും ഉണ്ടാകും.

വലിയ കച്ചവടസാദ്ധ്യത

ചെറിയ മുറികളാണെങ്കിലും വലിയ കച്ചവട സാദ്ധ്യതയുണ്ട്. മെട്രോ സ്റ്റേഷനിൽ നിന്നും മാർക്കറ്റിൽ നിന്നും ആളുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്താണ് നിർദ്ദിഷ്ട കടമുറികൾ. എൻ.എച്ച് സമാന്തര റോഡിന്റെ നടപ്പാതയിൽ നിന്ന് മെട്രോയുടെ പാർക്കിംഗ് ഏരിയയുടെ അരികിലൂടെയാണ് മുറികൾ നിർമ്മിക്കുന്നത്.