y

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ.ഷൈജു പഴംമ്പിള്ളി ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ തൃക്കേട്ട ദിനത്തിൽ ക്ഷേത്ര സന്ദർശനം നടത്തി. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നടന്ന പഞ്ചാരിമേളം അദ്ദേഹം ആസ്വദിച്ചു. ആദ്യമായാണ് ഉത്സവം ദർശിക്കാൻ പള്ളിയിൽ നിന്ന് ഒരു വികാരിയെത്തുന്നത്.

പള്ളിയിൽ ഈയിടെ നടന്ന തമുക്ക് പെരുന്നാളിനോടനുബന്ധിച്ച് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ എണ്ണ സമർപ്പിക്കൽ ചടങ്ങ് നടന്നിരുന്നു. കൊച്ചി രാജാവ് കരിങ്ങാച്ചിറ കത്തനാരെ കണ്ടതിനുശേഷമാണ് ക്ഷേത്ര ദർശനം നടത്താറുള്ളൂവെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് അമ്പലം കത്തിയപ്പോൾ പള്ളിമണി മുഴക്കിയാണ് രക്ഷാപ്രവർത്തനത്തിന് ജനങ്ങളെ കൂട്ടിയതെന്നുമാണ് ഐതിഹ്യം.

മതങ്ങൾക്കപ്പുറമാണ് മനുഷ്യന്റെ സ്നേഹമെന്നും പരസ്പര ബഹുമാനം മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഉതകുമെന്നും ക്ഷേത്രത്തിൽ നടന്ന ലഘുഭക്ഷണ വിതരണ ചടങ്ങിനിടെ ഫാ. ഷൈജു പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി. മധുസൂദനൻ, സെക്രട്ടറി പ്രകാശ് അയ്യർ, ഓഫിസർ സുധീർ മേലേപ്പാട്ട്, കമ്മിറ്റി അംഗങ്ങൾ, പള്ളിയിലെ ട്രസ്റ്റിമാരായ ബിനോയി പാലത്തിങ്കൽ, എം.വി. വർഗീസ്, കൺവീനർ കെ.പി. ബേബി എന്നിവർ പങ്കെടുത്തു.

------------------------------------

വൃശ്ചികോത്സവം ഇന്ന്:

അഞ്ചാം ദിവസം രാവിലെ 7.30 ന് ശീവേലി, പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, 11.30 മുതൽ 4 വരെ ഓട്ടൻ തുള്ളൽ, 1 ന് അക്ഷരശ്ലോക സദസ്, 3.30 നും 5.30 നും കുമാരി വർഷചന്ദ്ര സുരേഷ്, മുണ്ടക്കയം വിജയകുമാർ എന്നിവർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, 6.30 ന് ഡോ. എം. ലളിത, ഡോ. എം. നന്ദിനി എന്നിവർ അവതരിപ്പിക്കുന്ന വയലിൻ ദ്വയം, 9 ന് ടി.എം. കൃഷ്ണയുടെ സംഗീത കച്ചേരി, 12 ന് കഥകളി -നളചരിതം ഒന്നാം ദിവസം, നളചരിതം രണ്ടാം ദിവസം.