
കൊച്ചി: ധൻരാജ് പിള്ളയാണെന്ന് മനസിൽ വിചാരിച്ച് കാലൻകുടയെ 'ഹോക്കി സ്റ്റിക്കാക്കി' പന്തുതട്ടിയ ബാല്യം ഓർമ്മയില്ലേ. സംഗതിയിപ്പോൾ ഉശിരൻ ചാമ്പ്യൻഷിപ്പാവുന്നു. അംബ്രല്ല ഹോക്കി ! വമ്പൻ ട്രോഫിക്കും ക്യാഷ് പ്രൈസിനുമായുള്ള കോളേജ് കബുതല ചാമ്പ്യൻഷിപ്പിന് പുതുവർഷത്തിൽ തുടക്കമാകും. അമേരിക്കൻ മോഡൽ കോളേജ് സ്പോർട്‌സ് ലീഗുകൾ രാജ്യത്തും തുടക്കമിടുന്നതിന്റെ ഭാഗമായി സ്പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസർച്ച് ഇന്റസ്റ്റിറ്റ്യൂട്ടാണ് (എസ്.എം.ആർ.ഐ) കാലൻകുടയെ തലകീഴായ്പിടിച്ച് കളിക്കളത്തിലേക്ക് എത്തിക്കുന്നത്. മാള ഹോളി ഗ്രേസാണ് പ്രഥമ അംബ്രല്ല ഹോക്കിക്ക് വേദിയാകുന്നത്. 12നാണ് ഉദ്ഘാടന മത്സരം.
കണ്ണൂർ സ്വദേശിനിയും മുൻ കേരളാ ഹോക്കി ടീം താരവുമായിരുന്ന അനഘ രാജനാണ് എസ്.എം.ആർ.ഐയ്ക്കായി അംബ്രല്ല ഹോക്കിയുടെ നിയമാവലി തയ്യാറാക്കിയത്. എസ്.എം.ആർ.ഐയിലെ വിദ്യാർത്ഥിനികൂടിയായ അനഘ, ഒരുവർഷമായി ഇതിന്റെ പണിപ്പുരയിലായിരുന്നു." യുവതലമുറയിലെ വിദ്യാർത്ഥികൾക്ക് പി.ആർ. ശ്രീജേഷിനെ പോലുള്ള ഹോക്കി താരങ്ങളെ അറിയുകയേയില്ല. ദേശീയ കായികയിനം കൂടുതൽ ജനകീയമാകും. ഇതുലക്ഷ്യമിട്ടാണ് അംബ്രല്ല ഹോക്കിക്കായി കൂടുതൽ സമയം ചെവഴിച്ചത്." അനഘ പറഞ്ഞു. 2013 മുതൽ 2022 വരെ ഹോക്കിയിൽ തിളങ്ങിയ താരമാണ് അനഘ.
ഒരുവർഷ മത്സരം
വിവിധ ഇനങ്ങളിലായി ഒരുവർഷം മുഴുനീളെ മത്സരങ്ങളാണ് അമേരിക്കയിൽ ക്യാമ്പസ് കബുകൾ തമ്മിൽ നടക്കുന്നത്. ഈ രീതിയാണ് എസ്.എം.ആർ.ഐ മുന്നോട്ട് വയ്ക്കുന്നത്. മാള ഹോളി ഗ്രേസ് ക്യാമ്പസിലെ അഞ്ച് ടീമുകളും എസ്.എം.ആർ.ഐയുടെ ടീമമാണ് പ്രഥമ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുക. അടുത്ത വർഷത്തോടെ രാജ്യത്തെ പ്രധാന കലാലയങ്ങളെയും അംബ്രല്ല ഹോക്കിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് എസ്.എം.ആർ.ഐ സ്പോർട്സ് സ്കൂൾ മേധാവി റസീന ഇഖ്ബാലും സ്പോർട്സ് സൈക്കോളജിസ്റ്റും എസ്.എം.ആർ.ഐ ഓപ്പറേഷൻ ഹെഡുമായ മൃദുല ബി. പൈയും പറഞ്ഞു.
കളത്തിൽ 3
ഹോക്കിയിൽ 11 പേരാണ് കളത്തിലെങ്കിൽ, അമ്പ്രല്ല ഹോക്കിയിൽ ഇത് വെറും മൂന്നു പേരായിരിക്കും. പകരക്കാരായി രണ്ടുപേരുണ്ടാകും. കോളേജ് ഓഡിറ്റോറിയം മുതൽ വലിയ ക്ലാസ് മുറിയും ഗ്രൗണ്ടായി മാറ്റാം. ദേഹത്ത് കൊണ്ടാൽ വേദനിക്കാത്ത പന്താണ് ഉപയോഗിക്കുന്നത്. രണ്ടടി വീതിയിലും നീളത്തിലുമുള്ള ഗോൾപോസ്റ്റിൽ ഗോൾക്കീപ്പർ ഉണ്ടാകില്ല.