നെടുമ്പാശേരി: പാലം പണി പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ ഉപയോഗശൂന്യമായിക്കിടന്ന ആലുങ്കൽക്കടവ് പാലത്തിന്റെ ശനിദശ മാറുന്നില്ല. അപ്രോച്ച് റോഡ് നിർമ്മാണത്തിന് പി.ഡബ്ളിയു.ഡി രണ്ട് കോടി രൂപ അനുവദിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഇതോടെ നിർമ്മാണം ഇനിയും അനിശ്ചിതമായി നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ഏറ്റെടുത്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ബില്ലുകൾ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് കരാറുകാർ ടെൻഡർ നടപടികളിൽ നിന്ന് വിട്ടുനിന്നതെന്നാണ് കരുതുന്നതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. പി.ഡബ്ലിയു.ഡി പാലം വിഭാഗം റീടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 22ന് റീടെൻഡർ തുറക്കുമെന്നും അതിന് മുമ്പായി കരാറുകാരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

പാലം നിർമ്മിച്ച് വർഷങ്ങൾക്കുശേഷമാണ് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് അപ്രോച്ച് റോഡിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയത്. പാലത്തിന്റെ ഇരുവശത്തുമായി 100 മീറ്റർ വീതം നീളത്തിലും എട്ട് മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്.

നബാർഡിൽ നിന്ന് അനുവദിച്ച 11.22 കോടിരൂപ ചെലവഴിച്ച് 2016ൽ ആരംഭിച്ച പാലം നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചിരുന്നു. അപ്രോച്ച് റോഡിന്റെ നിർമ്മാണം നടക്കാത്തതിനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല.