കൊച്ചി: വീടിന് മുകളിൽ സൗരോർജപദ്ധതി സ്ഥാപിക്കുന്ന പദ്ധതിയിൽ ഒറ്റദിവസം രജിസ്റ്റർ ചെയ്യത് 400 ലേറെപ്പേർ. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പുരപ്പുറ സോളാർ പദ്ധതിക്ക് അവസരം ഒരുക്കുന്നത്. കെ.എസ്.ഇ.ബിയുടെ സൗര പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. തത്സമയ രജിസ്ട്രേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇന്നലെ നടന്നു.

താത്പര്യമുള്ളവർക്ക് ഇനിയും അപേക്ഷിക്കാനുള്ള അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചു. ബി.എസ്.എസ് ഗ്രീൻലൈഫ് സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായാണ് സോളാർ ഓൺഗ്രിഡ്‌ സൗരപദ്ധതി നടപ്പാക്കുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഒരുമാസത്തിനുള്ളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് നൽകും. 40 ശതമാനം വരെ സബ്സിഡി നിരക്കിലാണ് സോളാർ പാനൽ സ്ഥാപിക്കുന്നത്. വീടുകളിലെ എ.സി, റെഫ്രിജിറേറ്റർ ഉൾപ്പെടെ ഗാർഹിക ഉപകരണങ്ങൾ ബാറ്ററി ഇല്ലാതെ പകലും രാത്രിയിലും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 1000 രൂപയ്ക്ക് മുകളിൽ വൈദ്യുത ബില്ലുള്ളവർക്ക് പദ്ധതിയിൽ സബ്സിഡി നിരക്കിൽ അപേക്ഷിക്കാം.

25 വർഷം വാറന്റി

സോളാർ പാനൽ സ്ഥാപിക്കുന്നവർക്ക് 25 വർഷത്തെ മാറ്റിനൽകൽ ഉറപ്പ് നൽകും. 40 വർഷമാണ് കാലാവധി. ഇൻവർട്ടറിന് എട്ടു വർഷത്തെ മാറ്റിനൽകൽ വാറന്റിയും നൽകും. അഞ്ചുവർഷത്തെ സൗജന്യ സേവനവും ലഭിക്കും.

2,3,5,8,10 കിലോവാട്ട് വരെയുള്ള പദ്ധതികളാണുള്ളത്. ഒരുദിവസം എട്ടു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് രണ്ടു കിലോവാട്ട്, 12 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് മൂന്ന് കിലോവാട്ട്, 20 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് അഞ്ചു കിലോവാട്ട്, 32 യൂണിറ്റിന് എട്ടു കിലോവാട്ട്, 20 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 10 കിലോ വാട്ട് എന്നിങ്ങനെ സോളാർ പാനൽ വാങ്ങാം. വിവരങ്ങൾക്ക് 7034775500, 7025672508

നിരക്ക്

(യൂണിറ്റ്, സബ്സിഡി, യഥാർത്ഥ വില)

2 കിലോവാട്ട്- 1.05 ലക്ഷം, 1.60 ലക്ഷം

3 കിലോവാട്ട്- 1.46 ലക്ഷം, 2 ലക്ഷം

5 കിലോവാട്ട്- 2.28 ലക്ഷം, 3.10 ലക്ഷം

8 കിലോവാട്ട്- 3.71 ലക്ഷം, 5. 25 ലക്ഷം

10 കിലോവാട്ട്- 4.66 ലക്ഷം, 6. 25 ലക്ഷം