ആലങ്ങാട്: നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം പണി പൂർത്തീകരിക്കാനാകാത്ത മേച്ചേരിക്കടവ് പാലം നാട്ടുകാർക്ക് ബാദ്ധ്യതയാകുന്നു. പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. ആലങ്ങാട് - കരുമാല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം തുടങ്ങിയത് വി.കെ. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്ന കാലത്താണ്. ആലങ്ങാടിലെ കൊടുവഴങ്ങ ഭാഗത്ത് നിന്ന് കരുമാല്ലൂരിലെ തട്ടാംപടി ഭാഗത്തേക്കായിരുന്നു പാലം നിർമ്മാണം.

പാലം എന്നാണ് പേരെങ്കിലും ബോക്സ് കൽവെർട്ട് മാതൃകയിലാണ് ഇതി നിർമ്മാണം നടന്നത്. 22 മീറ്റർ വീതിയുള്ള പെരിയാർ ടു പെരിയാർ പുഴയിൽ ഒമ്പതര മീറ്ററിലാണ് പാലം നിർമ്മാണം. പുഴയുടെ അടിത്തട്ടിൽ നിന്ന് ഏകദേശം ഒന്നര മീറ്റർ ഉയരം മാത്രമാണ് പാലത്തിനുള്ളത്. ഇത് പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുകയാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇടയ്ക്ക് പാലം നിർമ്മാണം നിലയ്ക്കുകയും ചെയ്തു. പുഴയിലെ അശാസ്ത്രീയ നിർമ്മാണം കാരണം 2018ലെ പ്രളയ കാലത്ത് പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരുന്നു. പാലം നിർമ്മിക്കാൻ തീരുമാനമെടുത്ത യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ എം.എൽ.എ, ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ തമ്മിലെ ഒത്തുകളി അന്വേഷിക്കണമെന്നും ശാസ്ത്രീയമായ രീതിയിൽ പുനർനിർമ്മിക്കണമെന്നും ആലങ്ങാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.