
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ സഹകരണത്തോടെ എക്‌സലൻസ് ഇൻ സസ്‌റ്റൈനബിലിറ്റി സെന്റർ സ്ഥാപിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ജിയോജിത് കുസാറ്റ് സെന്റർ ഒഫ് സസ്‌റ്റൈനബിലിറ്റി സെന്റർ (ജി.സി.സി.ഒ.എസ്.എസ്) എന്ന പേരിലാരംഭിക്കുന്ന സെന്റർ വ്യവസായ, അക്കാഡമിക് പങ്കാളിത്ത സംരംഭമായി പ്രവർത്തിക്കും.
സമൂഹത്തിലെ ദുർബലമായ കണ്ണികളെ ശക്തിപ്പെടുത്തുന്നതിനും വളർച്ചയും വികസനവും ലഭ്യമാക്കാനും വിഭവങ്ങൾ ഉപയോഗിക്കാനും സുസ്ഥിര സാമ്പത്തിക ലാഭത്തിനും വേണ്ട പ്രവർത്തനങ്ങളാണ് കേന്ദ്രം ഏറ്റെടുക്കുക. നാലുവർഷത്തേയ്ക്ക് അഞ്ചുകോടി രൂപയാണ് എൻഡോവ്‌മെന്റായി സെന്ററിനായി നൽകുമെന്ന് ജിയോജിത് അധികൃതർ അറിയിച്ചു.
ഗവേഷണം, അക്കാഡമിക്‌സ്, കൺസൾട്ടിംഗ്, കപ്പാസിറ്റി ബിൽഡിംഗ്, ഇന്നവേഷൻ, സർട്ടിഫിക്കേഷൻ എന്നീ മേഖലകളിൽ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും.
കാലാവസ്ഥാ വ്യതിയാനം, സമ്പദ് വ്യവസ്ഥ, സുസ്ഥിര വിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക കോഴ്‌സുകൾ വികസിപ്പിച്ച് നടപ്പാക്കും. സാങ്കേതികവിദ്യകൾക്കും ബിസിനസ് മാതൃകൾക്കുമായി ഇന്നവേഷൻ ഹബിന്റെ പങ്കും കേന്ദ്രം വഹിക്കും.