dog

കോലഞ്ചേരി: വളർത്തുനായ കുരച്ച ദേഷ്യം തീർക്കാൻ അയൽവാസിയുടെ വീട്ടിൽ കയറി നായയെ കമ്പി വടിക്ക് അടിച്ച് ഗുരുതരമായി പരിക്കേല്പിച്ച സംഭവത്തിൽ കടയിരുപ്പ് എഴിപ്രം കറുത്തേടത്ത് പീടിക കറുത്തേടത്ത് കെ.യു. ഗീവർഗീസിനെ (62) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. അയൽവാസിയായ അനൂപിന്റെ വളർത്തുനായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുരച്ചതാണ് ഗീവർഗീസിനെ പ്രകോപിപ്പിച്ചത്. കമ്പിവടിയുമായി അനൂപിന്റെ വീട്ടിലെത്തിയ ഇയാൾ കുട്ടികളുടെയും ഭാര്യയുടെയും മുന്നിലിട്ട് നായയെ ക്രൂരമായി അടിച്ച് പരിക്കേല്പിച്ചു. തടയാനെത്തിയ ഭാര്യയെയും കുട്ടികളെയും ഉപദ്രവിച്ചതോടെ ഇവർ കൂട്ടക്കരച്ചിലായി. ഇതോടെ വടി ഉപേക്ഷിച്ച് ഇയാൾ തിരിച്ചു പോയി. കരാർ ജോലിക്കാരനായ അനൂപ് സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ഗുരുതരാവസ്ഥയിലായ നായയെ മൂവാറ്റുപുഴയിലെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും കാലിനും ഗുരുതര പരിക്കുണ്ട്. അനൂപിന്റെ ഭാര്യ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി.

നാല് മാസം മുമ്പ് അനൂപിന്റെ വീട്ടിൽ വന്നുകയറിയ ക്രോസ് ഇനത്തിൽ പെട്ട നായയെ ഉടമ എത്താത്തതിനാൽ ഇവർ സംരക്ഷിക്കുകയായിരുന്നു.