meet

കൊച്ചി: എതിരാളികളെ ബഹുദൂരം പിന്നിലാക്കി എം.ജി സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ആധിപത്യം തുടർന്ന് കോതമംഗലം എം.എ കോളേജ്. രണ്ടാംദിനവും പുരുഷ-വനിതാ വിഭാഗങ്ങളിൽ എം.എ കോളേജ് തന്നെയാണ് മുന്നിൽ. പുരുഷവിഭാഗത്തിൽ 120പോയിന്റും വനിതാവിഭാഗത്തിൽ 94 പോയിന്റും നേടി.

മീറ്റിന്റെ രണ്ടാംദിനം ഒരു റെക്കാഡ് മാത്രമാണ് പിറന്നത്. 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ എം.എ കോളേജിന്റെ ജിജിലാണ് നേട്ടം കൈവരിച്ചത്. സ്വന്തംനേട്ടം ജിജിൽ തിരുത്തിക്കുറിക്കുകയായിരുന്നു. ഇതോടെ മീറ്റിലെ ആകെ റെക്കാഡുകളുടെ എണ്ണം മൂന്നായി.

പുരുഷവിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജാണ് രണ്ടാമത്. 63 പോയിന്റ്. 50 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് മൂന്നാമതാണ്. വനിതകളിൽ പാലാ അൽഫോൺസാ കോളേജാണ് എം.എ കോളേജിന് വെല്ലുവിളി ഉയർത്തുന്നത്. 89 പോയിന്റാണ് പാലാ അൽഫോൺസ കോളേജിന്. 64 പോയിന്റുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജ് മൂന്നാം സ്ഥാനത്തുണ്ട്. മീറ്റിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ മത്സരങ്ങൾ പൂർത്തിയായി.

ഇന്നും നാളെയും കോതമംഗലം എം.എ കോളേജ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ തുടരുക. ത്രോമത്സരങ്ങളാകും അവിടെ നടക്കുക.