പെരുമ്പാവൂർ: കോടനാട് കുടുംബ ആരോഗ്യകേന്ദ്രത്തിൽ ഇന്നലെ ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്തതിൽ വിവാദം ശക്തം. കൂവപ്പടി, മുടക്കുഴ, മലയാറ്റൂർ നീലീശ്വരം പഞ്ചായത്തുകളിൽ നിന്നായി നിരവധിപേർ ചികിത്സയ്ക്കെത്തുന്ന ആശുപത്രിക്കാണ് ഈ ദുർഗതി.
അഞ്ച് ഡോക്ടർമാരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്.
ഇന്നലെ ഉച്ചവരെ അവരിലാരും ഡ്യൂട്ടിക്കെത്തിയില്ലെന്നാണ് ആക്ഷേപം. ഡോക്ടർമാരിൽ ഒരാൾ ആശുപത്രിയിൽ കോൺഫറൻസിന് പോയെന്നും മറ്റൊരു ഡോക്ടർ അവധിയിലാണെന്നുമാണ് ഔദ്യോഗിക വിവരം. അവശേഷിച്ച മൂന്ന് ഡോക്ടർമാരും ഇന്നലെ ആരോഗ്യ കേന്ദ്രത്തിൽ എത്തിയതുമില്ല. ഇതോടെ ഇന്നലെ ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തിയ രോഗികൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. കുടുംബ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ നിരുത്തരവാദപരമായ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സമരം നടത്തി. പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. കൂവപ്പടി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സത്യപാൽ കോലക്കാട്ട്, മുരളീധരൻ, ഹരിഹരൻ വടക്കമ്പിള്ളി എന്നിവർ സംസാരിച്ചു.