
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് നാലുപേരെ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി രണ്ടാഴ്‌ചത്തേക്ക് സ്റ്റേ ചെയ്തു. ഹ്യുമാനിറ്റീസ്, സയൻസ്, ഫൈൻആർട്‌സ്, സ്പോർട്‌സ് എന്നീ വിഭാഗങ്ങളിലേക്ക് അഭിഷേക് ഡി. നായർ, എസ്.എൽ. ധ്രുവിൻ, മാളവിക ഉദയൻ, സുധി സദൻ എന്നിവരെ നാനനിർദ്ദേശം ചെയ്തതാണ് സ്റ്റേ ചെയ്തത്.
നാലു വിഭാഗങ്ങളിലേക്കും സർവകലാശാല രജിസ്ട്രാർ നൽകിയ പട്ടിക തള്ളി ഗവർണർ സ്വന്തം നിലയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്തതിനെതിരെ അരുണിമ അശോക്, ടി.എസ്. കാവ്യ, നന്ദകിഷോർ, പി.എസ് അവന്ത് സെൻ എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവിയാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഹർജിയിൽ ചാൻസലർ, സർവകലാശാല രജിസ്ട്രാർ, വി.സി തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ 18ന് വീണ്ടും പരിഗണിക്കും.രജിസ്ട്രാർ നൽകിയ പട്ടികയിലുൾപ്പെട്ടവരാണ് ഹർജിക്കാർ.
കഴിഞ്ഞവർഷത്തെ സർവകലാശാല യുവജനോത്സവത്തിൽ കലാ പ്രതിഭയായിരുന്നു നന്ദകിഷോർ, ഓൾ ഇന്ത്യ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിൽ വടംവലി മത്സരത്തിൽ വെങ്കല മെഡൽ ജേതാവും ഇന്റർ കൊളേജിയറ്റ് ബെസ്റ്റ് ഫിസിക്ക് (മെൻ) ചാമ്പ്യനുമാണ് അവന്ത് സെൻ. റാങ്കുകളോടെ പഠനമികവു തെളിയിച്ചവരാണ് അരുണിമയും കാവ്യയും. തങ്ങളെ ഒഴിവാക്കി സംഘപരിവാർ സഹയാത്രികരും മതിയായ യോഗ്യതയില്ലാത്തവരുമായ വിദ്യാർത്ഥികളെയാണ് ഗവർണർ നോമിനേറ്റ് ചെയ്തതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കലാപ്രതിഭയെ ഒഴിവാക്കി കേരളനടനത്തിൽ പങ്കെടുത്തയാളെ ഫൈൻ ആർട്‌സ് കാറ്റഗറിയിലും കായികമേഖലയിലെ വെങ്കലമെഡൽ ജേതാവിനെ ഒഴിവാക്കി യോഗ്യതയില്ലാത്ത ഒരാളെയും ഉൾപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. സർവകലാശാല ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കാൻ ചാൻസലർക്ക് ബാദ്ധ്യതയുണ്ട്. സെനറ്റിലേക്കുള്ള നാമനിർദ്ദേശം സർവകലാശാലയുടെ താത്പര്യം സംരക്ഷിക്കുന്നതാവണം. പട്ടികയിൽ നിന്ന് തങ്ങളെ ഏകപക്ഷീയമായി ഒഴിവാക്കിയ ഗവർണറുടെ നടപടി സ്വേച്ഛാപരമാണെന്നും ഹർജിക്കാർ ആരോപിക്കുന്നു.