പെരുമ്പാവൂർ : തനിക്കും ഡ്യൂട്ടിയിലുള്ള തന്റെ സ്റ്റാഫിനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റിട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും ആക്രമണകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയാത്തത് ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടൽ മൂലമാണന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആരോപിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നവരെ സന്ദർശിക്കാൻ എത്തിയ തന്നെ ഒരു പ്രകോപനം ഇല്ലാതെ മർദ്ദിച്ച ഡി.വൈ.എഫ്.ഐക്കാരെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാണിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി കൊടുത്തു. എന്നി​ട്ടും പൊലീസ് നടപടി എടുക്കാത്തത് പ്രതിഷേധാർഹമാണെന്നും കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്റ്റേഷനു മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു .അക്രമത്തിൽ പരിക്കേറ്റ ഡ്രൈവർഅഭിജിത് രാജഗിരി ആശുപത്രിയിൽ രണ്ട് ഓപ്പറേഷനുകൾക്ക് ശേഷം നാളെ അടുത്ത ഓപ്പറേഷൻ വിധേയനാവുകയാണ്. ഡിസംബർ 15ന് പെരുമ്പാവൂർ സുഭാഷ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ജനകീയ കുറ്റവിചാരണ സദസിൽ രമേശ് ചെന്നിത്തല , എം.പി.മാരായ ബന്നി ബഹന്നാൻ , എൻ.കെ.പ്രേമചന്ദ്രൻ , ഫ്രാൻസിസ് ജോർജ് എക്സ്. എം.പി. അഹമ്മദ് കബീർ എക്സ്. എൽ.എ. , ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് , തുടങ്ങിയവർ പങ്കെടുക്കുമെന്ന് എംഎൽഎ അറിയിച്ചു