തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തൃക്കേട്ട ദർശിച്ചും കാണിക്ക അർപ്പിച്ചും ഭഗവദ് സായൂജ്യം നേടുവാൻ ആയിരങ്ങളെത്തി. പതിനഞ്ചു ഗജവീരന്മാരോടൊപ്പം സ്വർണ കോലത്തിലേറിയുള്ള പൂർണത്രയീശന്റെ തൃക്കേട്ട പുറപ്പാടിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം മൂന്ന് ഗജവീരന്മാരോടൊപ്പം ഭഗവാനെ വിളക്കിനെഴുന്നള്ളിച്ചു. തുടർന്ന് പതിനഞ്ചാനപ്പുറത്ത് തൃക്കേട്ട പുറപ്പാടിൽ തിരുവമ്പാടി ചന്ദ്രശേഖരൻ പൂർണത്രയീശന്റെ കോലമേറ്റി. വലത്ത് പുതുപ്പള്ളി സാധുവും ഇടത്ത് ഈരാറ്റുപേട്ട അയ്യപ്പനും എഴുന്നള്ളിപ്പിന് അണിനിരന്നു. ശേഷം ഭഗവൽ സന്നിധിയിൽ വലിയ മൂത്തതിന്റെ സാന്നിധ്യത്തിൽ മേനോക്കിയുടെ അനുവാദം വാങ്ങി കാണിക്ക അർപ്പിക്കുന്നതിനായി സ്വർണ്ണക്കുടം വച്ചു. രാജകുടുബത്തിലെ മുതിർന്ന അംഗം കേരളവർമ്മ കൊച്ചപ്പൻ തമ്പുരാൻ ഭഗവാന് മുന്നിൽ കാണിക്ക അർപ്പിച്ചു.
തുടർന്ന് ദേവസ്വം അധികൃതരും അംഗങ്ങളും ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും ഭക്തജനങ്ങളും കാണിക്ക അർപ്പിച്ചു. കാണിക്ക സമർപ്പണത്തിനായി രാത്രി വൈകിയും ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കാണിക്ക അർപ്പിക്കുന്ന ചടങ്ങ് ആറാട്ടു വരെ നീണ്ടു നിൽക്കും.