മട്ടാഞ്ചേരി :കൊച്ചി സിറ്റി കൊച്ചി സിറ്റി റേഷൻ ഓഫിസ് പരിധിയിൽ റേഷൻ വിതരണം സ്തംഭിച്ചതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ എൻ.എഫ്.എസ്.എ. ഓഫീസിന് മുന്നിൽ ധർണ നടത്തി​. അസി.മാനേജരെ പ്രതിഷേധം അറിയിച്ചു.

കൊച്ചി സിറ്റി റേഷനിൽ ഓഫിസ് പരിധിയിൽ നാല് മാസത്തോളമായി പുഴുക്കലരി നൽകിയിട്ട്. ട്രാൻസ്പോർട്ടിംഗ് തൊഴിലാളികളുടെ സമരത്തെ തുടർന്ന് കേരളത്തിലെ റേഷൻ വിതരണം സ്തംഭിച്ച അവസ്ഥയിലായി. ചുരുക്കം ചില റേഷൻ കടകളിൽ മാത്രം പുഴുക്കലരി എത്തുകയും മറ്റുള്ള ഭൂരിപക്ഷ കടകളിലും പുഴുക്കലരി വിതരണം നടക്കാത്തതിനാൽ റേഷൻകട ഉടമകളും റേഷൻകാർഡ് ഉടമകളും തമ്മിൽ വാക്കേറ്റം ഉണ്ടായി. തത്സ്ഥിതി തുടർന്നാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എന്ന വിവരം വ്യാപാരികൾ അധികൃതരെ ധരിപ്പിച്ചു. മായം കലർന്ന ഉത്പന്നങ്ങൾ നൽകരുതെന്നും അരിയുടെ സാമ്പിൾ പ്രദർശിപ്പിക്കുന്നതിന് സാമ്പിൾ പാക്കറ്റ് എല്ലാ മാസവും കടയിൽ അനുവദിക്കണമെന്നും റേഷൻ സാധനങ്ങളുടെ തൂക്കക്കുറവ് പരിഹരിക്കുന്നതിന് റേഷൻ സാധനങ്ങൾ കടയിൽ തൂക്കി ഇറക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തക എന്നീ ആവശ്യങ്ങൾ വ്യാപാരികൾ മുന്നോട്ട് വച്ചു. സി.എ ഫൈസൽ , എസ്. സുബ്രഹ്മണ്യൻ, എൻ .എ സുബൈർ,എം.ബി ബഷീർ,സനോജ്,സി. എ ഹമീദ്,മുജീബ്, ഖലി, ശിവാനന്ദൻ ,സിദ്ദി​ഖ്, രാജ്കുമാർ , സലാം എന്നിവർ പങ്കെടുത്തു