u

ചോറ്റാനിക്കര: റെക്കാഡ് നേട്ടങ്ങൾ ഒരോന്നായി കൈപ്പിടിയിൽ ഒതുക്കുകയാണ് ആറുവയസുകാരൻ രുദ്ര പ്രയാഗ്. നാലാമത്തെ വയസിൽ 60 സെക്കൻഡിൽ 68 ജനറൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ഇന്ത്യ ബുക്സ് ഒഫ് റെക്കാഡിൽ ഇടം നേടി. ആറാം വയസിൽ ഇന്റർനാഷണൽ ബുക്സ് ഒഫ് റെക്കാഡിൽ. 60 സെക്കൻഡിൽ പീരിയോഡിക്ക് ടേബിളിലെ 100 മൂലകങ്ങൾ കൃത്യമായി പറഞ്ഞ് ഇന്റർനാഷണൽ സൂപ്പർ ടാലന്റ് കിഡ്സ് അവാർഡ്. ചോറ്റാനിക്കര മുരിക്കൽ പറമ്പിൽ അനന്തുവിന്റെയും ബെഡ്സിയുടെ മകനായ രുദ്ര പ്രയാഗ് പറയുന്നതെന്തും നിമിഷ നേരത്തിനുള്ള മന:പാഠമാക്കും.യൂട്യൂബിലൂടെ ചിത്രരചനയും ഡാൻസും ബോക്സിംഗും രുദ്രപ്രയാഗ് സ്വായത്തമാക്കി.

ഒരുവട്ടം കേൾക്കുന്ന കാര്യങ്ങൾ അതേപോലെ പറയാൻ തുടങ്ങിയപ്പോഴാണ് അമ്മ ബെഡ്സി മകന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്. പഠിച്ചതെല്ലാം കൃത്യമായി തെറ്റ് കൂടാതെ പറയാൻ തുടങ്ങിയപ്പോൾ ഇന്ത്യ ബുക്ക് റെക്കാഡ്സിലേക്ക് അപേക്ഷിച്ചു. അടുത്ത ലക്ഷ്യം വേൾഡ് റെക്കാഡാണ്. തലക്കോട് സെൻമേരിസ് ഹൈസ്കൂൾ യു.കെ.ജി വിദ്യാർത്ഥിയാണ്. സഹോദരൻ ദേവപ്രയാഗ്. അച്ഛൻ അനന്തു പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മ തലക്കോട് സെൻമേരിസ് സ്കൂളിലെ ആയയായി ജോലി ചെയ്യുന്നു.