
കൊച്ചി: ക്രിസ്മസ്, ന്യൂ ഇയർ സീസണിനോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന നിരക്കിൽ വൻ വർദ്ധന. ടിക്കറ്റ് ചാർജ് കുത്തനെ കൂട്ടിയതിനാൽ ഉത്തരേന്ത്യൻ സഞ്ചാരികളടക്കമുള്ളവർ യാത്ര റദ്ദാക്കുന്നതായി ടൂറിസം സംരംഭകർ പറഞ്ഞു. നികുതിയടക്കം രണ്ടര ഇരട്ടിയോളം അധികം തുകയാണ് യാത്രക്കാരിൽ നിന്നു ഈടാക്കുന്നത്. കേരളത്തിലേക്കെത്തുന്ന സാധാരണക്കാരായ സഞ്ചാരികൾക്ക് ഇത് താങ്ങാനാകില്ല.
ടിക്കറ്റ് നിരക്കിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നിരക്ക് നിരീക്ഷിക്കുന്നുണ്ടെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ മറുപടി. എന്നാൽ ഈ പകൽക്കൊള്ളയ്ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേരളത്തിൽ നിന്ന് രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നവരും പിന്മാറുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കും നിരക്കിൽ ആശ്വാസമില്ല.
ട്രെയിൻ യാത്ര ദുരിതം
ചെറിയ വിഭാഗം സഞ്ചാരികൾ മാത്രമാണ് ട്രെയിൻ മാർഗം കേരളത്തിലെത്തുന്നത്. വന്ദേഭാരത് പോലുള്ള ട്രെയിനുകൾ വന്നതോടെ ദീർഘദൂര ട്രെയിനുകൾ തികഞ്ഞ അവഗണനയിലായി. വൃത്തിയും സൗകര്യവുമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നു. യാത്രയ്ക്കെടുക്കുന്ന സമയവും പ്രധാന പ്രശ്നമാണ്.
ഡിസംബർ 22- 31 വരെയുള്ള
ശരാശരി വിമാനടിക്കറ്റ് നിരക്ക്
(ബ്രായ്ക്കറ്റിൽ ഓഫ് സീസൺ നിരക്ക്)
ഡൽഹി- തിരുവനന്തപുരം: 13,900 (6,000)
ഡൽഹി- കൊച്ചി: 13,000 (6,000)
തിരുവനന്തപുരം- ശ്രീനഗർ: 20,500 (8,000)
കൊച്ചി- ശ്രീനഗർ: 19,500 (8,000)
മുംബയ്- തിരുവനന്തപുരം: 10,500 (4,000)
മുംബയ്- കൊച്ചി: 7,000 (3,500)
കൊൽക്കത്ത- തിരുവനന്തപുരം: 16,000 (7,500)
കൊൽക്കത്ത- കൊച്ചി: 16,000 (7,500)