lakshdweep-school

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ സ്‌കൂളുകളിൽ എസ്.സി.ഇ.ആ‌ർ.ടി മലയാളം സിലബസിന് പകരം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ 2024-25 അദ്ധ്യയന വർഷം മാറ്റം പ്രാബല്യത്തിലാകും.

ഒമ്പത്, 10 ക്ലാസുകളിൽ അടിയന്തര മാറ്റമുണ്ടാകില്ല. സി.ബി.എസ്.ഇ സിലബസ് വരുന്നതോടെ സ്കൂളുകളിൽ അറബി പഠനവും ഇല്ലാതാകും.

രണ്ടുവർഷത്തിനകം സ്കൂളുകൾ പൂർണമായും സി.ബി.എസ്.ഇയിലേക്ക് മാറ്റും. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെ‌ടുത്താനും മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാനുമാണ് മാറ്റമെന്നാണ് അധികൃതരുടെ വിശദീകരണം. ലക്ഷദ്വീപിൽ 51 സ്‌കൂളുകളുണ്ട്. നിലവിൽ ബിത്ര ഒഴികയുള്ള ദ്വീപുകളിലെ സീനിയർ ബേസിക് സ്കൂളുകളിൽ മലയാളം മീഡിയത്തിനൊപ്പം ഒന്നുമുതൽ പത്ത് വരെ സി.ബി.എസ്.ഇ അഫിലിയേഷനോടുകൂടി ക്ലാസുകളുണ്ട്. പുതിയ ഉത്തരവോടെ മുഴുവൻ ക്ളാസുകളും സി.ബി.എസ്.ഇയാകും.

പുതിയ വിദ്യാഭ്യാസ നയത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ മാത്രമാണുള്ളത്. മറ്റ് ഭാഷകൾ നിറുത്തലാക്കുന്നതിലൂടെ കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാകുമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിനെതിരെ ദ്വീപിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.