കൊച്ചി: രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾ ഏറ്റവും കുറവ് കേരളത്തിൽ. മറ്റെല്ലാ സംസ്ഥാനങ്ങളെയും 'മുന്നിലാക്കിയാണ്" കേരളം മാതൃകയായത്. ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 12 വനിതകളാണ് കേരളത്തിൽ കഴിഞ്ഞവർഷം ജീവനൊടുക്കിയത്. കേരള പൊലീസിന്റെ കണക്കനുസരിച്ച് 11 പേരേയുള്ളൂ. യു.പിയിൽ 2,142. കേരളത്തിൽ ഈ വർഷം സ്ത്രീധനത്തിന്റെ പേരിൽ ഏഴുപേർ ജീവനൊടുക്കി. കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ ഓരോ വർഷവും കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ 25 പേർ ജീവനൊടുക്കിയിരുന്നു.
ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ കഴിഞ്ഞവർഷം 6,516 വനിതകൾ ജീവനൊടുക്കി.
ബീഹാറാണ് രണ്ടാമത്. ജീവനൊടുക്കിയത് 1,057 പേർ. 520 പേർ മരിച്ച മദ്ധ്യപ്രദേശാണ് മൂന്നാമത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയാണ് മുന്നിൽ- 131. നഗരങ്ങളിൽ കൂടുതൽ സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഡൽഹി തലസ്ഥാനമേഖലയിലാണ്- 129. അതായത് ഡൽഹിയിലെ സ്ത്രീധനമരണക്കേസുകളിൽ ഭൂരിഭാഗവും ഇവിടെയാണ്. യു.പിയിലെ കാൺപൂർ, ലക്‌നൗ എന്നിവിടങ്ങളാണ് ഈ കണക്കിൽ രണ്ടാമത്. 43 വനിതകൾ വീതം മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ 33. 19 പ്രധാന നഗരങ്ങളിൽ 381 വനിതകൾ ജീവനൊടുക്കി. സ്ത്രീകൾക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുകയും ചെയ്തു.
മികച്ച ബോധവത്കരണം, അവബോധം
സ്ത്രീകളുടെ സംസ്കാരികവും വിദ്യാഭ്യാസ പരവുമായ ഉന്നമനവും നിയമ പരിജ്ഞാനവും സ്ത്രീധന കാര്യത്തിൽ ആധുനിക അവബോധം സൃഷ്ടിക്കുന്നതിന് പങ്കുവഹിക്കുന്നു. തുടർച്ചയായ ബോധവത്കരണം മറ്റൊരു ഘടകമാണ്. അധികൃതരും സംഘടനകളും ഇക്കാര്യത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.
5 സംസ്ഥാനങ്ങൾ മാതൃക
രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾ കൂടുമ്പോൾ സിക്കിം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ഗോവ എന്നിവിടങ്ങൾ മാതൃകയാണ്. പോയവർഷം ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മേഘാലയയിലും ഹിമാചൽപ്രദേശിലും ഓരോ മരണം വീതം.
സംസ്ഥാനം, മരണനിരക്ക്
• പശ്ചിമബംഗാൾ 427
• ഒഡീഷ 263
• ഹരിയാന 234
• ജാർഖണ്ഡ് 214
• മഹാരാഷ്ട്ര 184
• ആസാം 175
• കർണാടക 165
• തെലങ്കാന 137
• ആന്ധ്രാപ്രദേശ് 101
• പഞ്ചാബ് 71
• ഉത്തരാഖണ്ഡ്70
• ഛത്തീസ്ഗഡ് 63
• തമിഴ്‌നാട് 29
• ത്രിപുര 25
• ഗുജറാത്ത് 10
(എൻ.സി.ആർ.ബി റിപ്പോർട്ട് )