കാലടി: തെരുവുവിളക്കുകൾ മിഴിയടച്ചതോടെ പാറപ്പുറം - വല്ലംകടവ് പാലം വീണ്ടും ഇരുട്ടിൽ. പാലത്തിൽ സ്ഥാപിച്ച വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധം ശക്തമാണ്.

ആഗസ്റ്റ് 24നാണ് വല്ലംകടവ് പാലം പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പ്രഭാത സവാരിക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ കാഞ്ഞൂർ പഞ്ചായത്ത് അധികൃതർ തയാറായത്. പതിനഞ്ച് വർഷക്കാലത്തേക്ക് കരാർ വ്യവസ്ഥയിലാണ് വഴി വിളക്കുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും പരസ്യക്കമ്പനിയെ ചുമതപ്പെടുത്തിയത്. എന്നാൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് ആദ്യ രണ്ട് നാളുകളിൽ മാത്രമാണ് സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിച്ചത്.

കാൽനട യാത്രികരും സായാഹ്നങ്ങളിൽ കുടുംബസമേതം വിശ്രമത്തിന് എത്തുന്നവരും പാലത്തിലെ ഇരുട്ടുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ഉയരുന്നത്.