കൊച്ചി: എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണ വേഗത്തെ അനുബന്ധ നടപടിക്രമങ്ങൾ ബാധിക്കുന്നുണ്ടെന്ന് റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. അഗ്നിരക്ഷ, പൈതൃക സംരക്ഷണം, മരം മുറിക്കൽ, എയർപോർട്ട് ക്ലിയറൻസ് തുടങ്ങിയ അനുമതികൾ ആവശ്യമാണ്. ഇവ കാലതാമസത്തിനു കാരണമാകുന്നുണ്ടെന്ന് റെയിൽമന്ത്രി ലോക്സഭയിൽ ഹൈബി ഈഡൻ എം.പിയെ അറിയിച്ചു.

കുടിവെള്ള പൈപ്പുകൾ, വൈദ്യുതി ലൈനുകൾ, മലിനജല നിർഗമന പൈപ്പുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഗ്യാസ് പൈപ്പ് , റെയിൽവേയുടെ തന്നെ സിഗ്നൽ കേബിളുകൾ തുടങ്ങിയവ മാറ്റി സ്ഥാപിയ്ക്കേണ്ടി വരും.

നോർത്ത്, സൗത്ത് സ്റ്റേഷനുകളിലേയ്ക്ക് രണ്ടാം കവാടത്തിൽ കൂടി പ്രവേശിക്കുന്ന യാത്രക്കാർക്കും ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടു. നവീകരണത്തിൽ ഇത് ഉറപ്പാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സ്റ്റേഷൻ നവീകരണ ജോലികളുടെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ തലങ്ങളിൽ റെയിൽവേയ്ക്ക് ആഭ്യന്തര സംവിധാനമുണ്ട്. നിശ്ചിത നിലവാരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാകും അംഗീകാരം.
മെട്രോ സ്റ്റേഷനുകളിലേക്കുള്ള സ്കൈവോക്ക് സംവിധാനത്തിന് പുറമെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് നോർത്ത് റോഡ് ഓവർ ബ്രിഡ്ജിലേക്കും പ്രവേശന സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി മറുപടി നല്കി.