vasil
വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ നെടുമ്പാശേരിയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ സ്വീകരിക്കുന്നു

കൊച്ചി: ക്രിസ്‌മസിന് ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ നിർദ്ദേശം നടപ്പാക്കാൻ ലക്ഷ്യമിട്ട് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൾ വാസിൽ കൊച്ചിയിലെത്തി. വൈദികർ, വിശ്വാസികൾ, സംഘടനകൾ തുടങ്ങിയവയുമായി അദ്ദേഹം ചർച്ചകൾ നടത്തും.

ഇന്നലെ രാവിലെയെത്തിയ അദ്ദേഹം ബിഷപ്പ് ഹൗസിലാണ് താമസിക്കുന്നത്. അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി പ്രാഥമിക ചർച്ചനടത്തി. അതിരൂപതയുടെ ആസ്ഥാനദേവാലയമായ ബസലിക്ക കത്തീഡ്രലിൽ ക്രിസ്‌മസിന് തുറന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സാഹചര്യം ഒരുക്കാനും നീക്കമാരംഭിച്ചു.

സംഭാഷണങ്ങളിലൂടെയും അനുരഞ്ജനത്തിന്റെയും ചർച്ചയുടെയും പാതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സിറിൽ വാസിൽ പറഞ്ഞു.

മാർപ്പാപ്പയുടെ വീഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നുകൂടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. മുൻ അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അതിരൂപതയുടെ വിഷയങ്ങളിൽ ഇടപെടരുതെന്ന് വൈദികകൂട്ടായ്മ ആവശ്യപ്പെട്ടു.

ചർച്ചകളോട് സഹകരിക്കുമെന്ന് യോഗാദ്ധ്യക്ഷൻ ഫാ. ജോസ് ഇടശേരി പറഞ്ഞു. 464 വൈദികരിൽ 450പേർ ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി ജീവിക്കുന്നവരാണ്.
വീഡിയോ സന്ദേശത്തിലെ തെറ്റുകൾ തിരുത്താൻ നടപടിയെടുക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂരിനെയും സിറിൽ വാസിലിനെയും അറിയിക്കാൻ യോഗം തീരുമാനിച്ചു.

സഭയെ വിഭജിക്കാൻ ശ്രമിച്ചു

യാക്കോബായ, ഓർത്തഡോക്‌സ് സഭാ വിഭജനംപോലെ സിറോമലബാർസഭയെ വിഭജിക്കാനുള്ള നീക്കങ്ങൾ സഭയ്ക്കുള്ളിലും പുറത്തുനിന്നും ഉണ്ടായതായി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. 16 മാസത്തിനിടയിൽ നാലുതവണ താൻ ആക്രമണത്തിനിരയായി. പലതരം ഭീഷണികളുണ്ടായി. അൽമായമുന്നേറ്റവും വൈദികരും പറയുന്നതുപോലെ ചെയ്തിരുന്നെങ്കിൽ താൻ ഹീറോയാവുമായിരുന്നു. മാർപ്പാപ്പ പറഞ്ഞതാണ് അനുസരിച്ചത്. രാജിസന്നദ്ധത നേരത്തെ അറിയിച്ചിരുന്നതായും അദ്ദേഹം സഭാ മാദ്ധ്യമത്തോട് പറഞ്ഞു.