മൂവാറ്റുപുഴ: പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന നീലിച്ചിറ മാലിന്യവാഹിനിയായി. ഒരുകാലത്ത് ഇരുപഞ്ചായത്തിലെയും പ്രദേശവാസികൾ കുളിക്കുന്നതിനും കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിച്ചിരുന്ന ചിറയ്ക്കാണ് ഈ ദുരവസ്ഥ.
പായിപ്ര പഞ്ചായത്തിലെ 5-ാംവാർഡിലും നെല്ലിക്കുഴി പഞ്ചായത്തിലെ 17-ാം വാർഡിലുമായി ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നതാണ് നീലിച്ചിറ. ഇരുപഞ്ചായത്തുകളിലെയും ചെറുതും വലുതുമായ ചിറകളും കുളങ്ങളും നവീകരിച്ചപ്പോൾ നീലിച്ചിറയെ അവഗണിക്കുകയായിരുന്നു. നിലവിൽ ചിറയുടെ സംരക്ഷണ ഭിത്തികൾ തകർന്നിട്ടുണ്ട്. ചിറയാകെ കാടുകയറി പായലും ചെളിയും നിറഞ്ഞ് ഇഴജന്തുക്കളുടെ താവളമായിക്കഴിഞ്ഞു .
പെരിയാർവാലി കനാലിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതിനാൽ കടുത്ത വേനലിലും ചിറ ജലസമൃദ്ധമാണ്. ചിറയെ ആശ്രയിച്ച് ചെറുതും വലുതുമായ രണ്ട് കുടിവെള്ളപദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. ചിറ നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമീപിക്കുമ്പോൾ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് നെല്ലിക്കുഴി, പായിപ്ര പഞ്ചായത്ത് അധികാരികൾ ഉന്നയിക്കുന്നത്. നീലിച്ചിറയ്ക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ച് ചെളിയും പായലും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എയും എം.പിയും അടക്കമുള്ള ജനപ്രതിനിധികൾക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.