
കൊച്ചി: വയനാട് വാകേരിയിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള വനം വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കടുവയെ കൊല്ലുന്നതിനെതിരെ എറണാകുളം നെട്ടൂരിലെ ആനിമൽസ് ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റിയെന്ന സംഘടന നല്കിയ പൊതുതാത്പര്യ ഹർജി 25,000 രൂപ പിഴ സഹിതം തള്ളി. പിഴ രണ്ടാഴ്ചയ്ക്കകം സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയിൽ നല്കണമെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കടുവയെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് നൽകിയ ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഒരു മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെയാണ് നിസാരമായി കാണാനാവുകയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. പ്രശസ്തിക്കു വേണ്ടിയാണോ ഹർജിയെന്നും ചോദിച്ചു. നടപടിക്രമങ്ങൾ പാലിച്ചാണ് വനംവകുപ്പിന്റെ ഉത്തരവ്. ഹർജി നൽകാനുള്ള കാരണം ഹർജിക്കാരനു മാത്രമേ അറിയൂവെന്നും കോടതി കുറ്റപ്പെടുത്തി. തുടർന്നാണ് പിഴ ചുമത്തിയത്.