വാരപ്പെട്ടി:​ വാരപ്പെട്ടി പഞ്ചായത്തിലെ പരമ്പരാഗത ജലസ്രോതസുകളായ ചിറകളുടെ നവീകരണം സജീവം. പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.

ഏഴാം വാർഡിലെ കക്കാട്ടൂർ മണിയാട്ടുകുടിത്താഴം ചിറയാണ് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഒടുവിൽ നവീകരിച്ചത്.

ഇതുവരെ അഞ്ച് ചിറകളുടെ നവീകരണം പൂർത്തിയായിട്ടുണ്ട്. മണിയാട്ടുകുടിത്താഴത്തിന് പുറമെ മൈലൂർക്കാവ് ചിറ, വാരപ്പെട്ടി പഞ്ചായത്ത് ചിറ, വാരപ്പെട്ടി ഖാദി ചിറ, പൊന്നാട്ടുകാവ് ചിറ എന്നിവയും നവീകരിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സെന്റർ ഫിനാൻസ് ഗ്രാന്റ് വിനിയോഗിച്ച് ഒരു കോടിയിൽപ്പരം രൂപ ചെലവിട്ടാണ് ജലസ്രോതസുകളുടെ നവീകരണം നടത്തിയത്.

കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് വാരപ്പെട്ടി. അതിനു പരിഹാരം എന്ന നിലയ്ക്കാണ് ജലസ്രോതസുകൾ നവീകരിക്കുന്നത്. മാതൃകാപരമായ പ്രവർത്തിയാണിതെന്നും നവീകരിച്ച മണിയാട്ടുകുടിത്താഴം ചിറയുടെ ഉദ്ഘാടനം നിർവഹിക്കവെ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ പറഞ്ഞു. ജലസ്രോതസുകൾ മലിനമാകാതെ സംരക്ഷിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ഇത്തരം പദ്ധതികൾ തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു.