violin

കൊച്ചി: ആരാധകർ ഹൃദയത്തോടു ചേർത്തുവച്ച വയലിനുമുണ്ടൊരു 'ദിവസ'മെങ്കിലും ഓർക്കുന്നവർ കുറവ്. ലോകവയലിൻ ദിനമായ ഡിസംബർ 13 കാര്യമായ ആഘോഷമില്ലാതെ കടന്നു പോകുമ്പോഴും വയലിന് ആരാധകർ കൂടുകയാണ്. ഒപ്പം വില്പനയും. കാലത്തിനൊപ്പം മാറ്റങ്ങൾ വന്ന വയലിന് ഇമ്പമുള്ള ചരിത്രമാണുള്ളത്.
നൂതന സംവിധാനങ്ങളുള്ള ഇലക്ട്രിക് വയലിനുകളാണിപ്പോഴത്തെ ഹിറ്റ്താരം. രാജ്യത്ത് ഏറ്റവും കൂടുതൽ വയലിനുകൾ നിർമ്മിക്കുന്നത് യു.പിയിലാണെങ്കിൽ ലോകത്ത് വയലിൻ നിർമ്മാണം ഏറ്റവും കൂടുതൽ നടക്കുന്നത് ചൈനയിലാണ്. ചൈനീസ് നിർമ്മിത വയലിനുകൾക്ക് കൂടുതൽ ആവശ്യക്കാരുമുണ്ട്. ഇലക്ട്രിക് വയലിനുകൾ കേബിൾവഴി ബാഹ്യ ശബ്ദങ്ങളില്ലാതെ ആസ്വദിക്കാൻ കഴിയും. 4500 മുതൽ രണ്ടുലക്ഷം രൂപ വരെയാണ് വില. ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാദ്യോപകരണവും വയലിനാണ്.

ചരിത്രം

വില്ലുരൂപത്തിലുള്ള വാദ്യോപകരണങ്ങൾ മദ്ധ്യേഷ്യയിലെ അശ്വാരൂഢ സംസ്‌കാരത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ഇതിനൊരു ഉദാഹരണമാണു തംബുർ. ഇന്നത്തെ രൂപത്തിൽ വയലിൻ ഉത്ഭവിച്ചത് 16ാം നൂറ്റാണ്ടിൽ വടക്കൻ ഇറ്റലിയിലായിരുന്നു. മദ്ധ്യപൂർവദേശത്തിന് സിൽക്ക് റൂട്ട് (പട്ടുപാത) വഴി ഇറ്റലിയിലെ തുറമുഖങ്ങളായ വെനീസ്, ജെനോവ എന്നിവിടങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ആധുനിക യൂറോപ്യൻ വയലിന് മദ്ധ്യപൂർവദേശത്തെയും മറ്റും പല വാദ്യോപകരണങ്ങളുമായും ബന്ധമുണ്ടായിരുന്നു. ആദ്യ വയലിൻ റെബെക്ക്, ബൈസാന്റിയം സാമ്രാജ്യത്തിലെ ലൈറ, അറബിക് വാദ്യമായ റെബാബ് എന്നിവയിൽ നിന്ന് ഉത്ഭവിച്ചതാണ്.

പലരും വയലിൻ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതാണ് കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ വയലിൻ വാങ്ങുന്നത് പഠനം തുടങ്ങുന്ന വിദ്യാർത്ഥികളാണ്. ഒരുമാസം 30 വയലിനുകൾ വരെ വിറ്റുപോകാറുണ്ട്.

ടോംസൺ ജോൺ

മാനേജിംഗ് ഡയറക്ടർ

മാനുവൽ ഇൻസ്ട്രീസ്

എറണാകുളം