പറവൂർ: സഹോദരപുത്രൻ ജെ.സി.ബി ഉപയോഗിച്ച് വീട് തകർത്തതോടെ തെരുവിലായ പറവൂർ പെരുമ്പടന്ന വാടാപ്പിള്ളിപ്പറമ്പ് വീട്ടിൽ ലീലയ്ക്ക് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ഗോൾഡൻ ജൂബിലി സമ്മാനമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ നാളെ (വെള്ളി) നടക്കും.

ഒക്ടോബർ 19ന് ജോലികഴിഞ്ഞ് ലീല വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ നല്ലൊരുഭാഗം പൊളിച്ചുമാറ്റിയനിലയിൽ കണ്ടത്. രണ്ട് ദിവസത്തിനുശേഷമാണ് ലീലയുടെ ദയനീയവസ്ഥ പുറത്തുവന്നത്. നിരവധി സംഘടനകൾ ലീലയ്ക്ക് സഹായവുമായി എത്തിയിരുന്നു. കെൽസ എക്സിക്യുട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജില്ലാ ലീഗൽസർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ എൻ. രഞ്ജിത്ത് കൃഷ്ണനും വിഷയത്തിൽ ഇടപ്പെട്ടിരുന്നു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.

കുടുംബത്തിന് കുടികിടപ്പവകാശമായി ലഭിച്ച ഏഴ് സെന്റ് ഭൂമിക്ക് ഏഴ് അവകാശികളിൽ ഒരാളൊഴികെ ഭൂമി ലീലയ്ക്ക് നൽകാൻ തയ്യാറായി. വീട് പൊളിച്ച സഹോദരന്റെ മകൻ രമേഷിനുള്ള ഒരുസെന്റ് ഭൂമി കഴിച്ചുള്ള ആറുസെന്റ് ഭൂമി പ്രത്യേക അദാലത്ത് ചേർന്ന് ലീലയ്ക്ക് നൽകി. കോടതിവിധിക്ക് തുല്യമായ രേഖയാണ് കൈമാറിയത്. ഈസ്ഥലത്താണ് മർച്ചന്റ്സ് അസോസിയേഷൻ ലീലയ്ക്ക് വീട് നിർമ്മിച്ച് നൽകുന്നത്. രാവിലെ ഒമ്പതിന് പെരുമ്പടന്നയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് വീടിന് തറക്കല്ലിടും. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ മുഖ്യാതിഥിയാകും.