chairman-

മരട്: മരട് നഗരസഭാ പ്രദേശത്തെ തീരദേശ പരിപാലന നിയമത്തിലെ കരട് മാപ്പിംഗിലുള്ള അപാകതകൾ പരിശോധിക്കാനും വിലയിരുത്താനും കെ.സി. ഇസഡ്. എം. എ. പ്രതിനിധികളെത്തി. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിന്റെ നേതൃത്വത്തിൽ പ്രതിനിധികൾ അയിനി, അഞ്ച്തൈക്കൽ , നെട്ടൂർ കോലാടത്ത് തുടങ്ങിയ ബണ്ടുകളും സന്ദർശിച്ചു. കരട് മാപ്പിംഗിന്റെ അപാകത ചൂണ്ടിക്കാണിക്കാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ സി.ആർ.ഇസഡ് ഹിയറിംഗിൽ മരട് നഗരസഭയുടെ അധികാരികളുടെ സാന്നിദ്ധ്യത്തിൽ സ്ഥലം സന്ദർശിച്ച ശേഷം മാത്രമേ നഗരസഭാ പ്രദേശത്തെ അന്തിമ രൂപരേഖ തയ്യാറാക്കാവൂവെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്ന് നഗരസഭയുമായി കൂടിയാലോചിച്ച ശേഷമേ നടപടി സ്വീകരിക്കൂവെന്ന് പരിപാലന സമിതി അംഗം കലയരസ് ഉറപ്പും നൽകിയിരുന്നു. അംഗങ്ങളായ ഡോ. കെ.കെ. വിജയൻ ,ഡോ. സി. രവിചന്ദ്രൻ ,എൻ.സി.ഇ.എസ്.എസ് പ്രതിനിധിയായ ടി.എൽ സച്ചിദാന്ദൻ എന്നിവരാണ് പരിശോധനക്ക് എത്തിയത്.