p

കൊച്ചി: മൂലൻസ് ഗ്രൂപ്പിനും സഹോദരങ്ങൾക്കുമെതിരെ വർഗീസ് മൂലൻ നൽകിയ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സ്ഥാപനങ്ങളും സ്വത്തുക്കളും തട്ടിയെടുത്തെന്ന് ആരോപിച്ച് പിതാവിനും സഹോദരങ്ങൾക്കുമെതിരെ വർഗീസ് അങ്കമാലിയിലും, വർഗീസിന്റെ സഹോദരങ്ങൾക്കും ഭാര്യമാർക്കുമെതിരെ വർഗീസിന്റെ ഭാര്യ മാർഗരറ്റ് തൃക്കാക്കരയിലും പൊലീസിന് നൽകിയ പരാതികളിലാണ് കണ്ടെത്തൽ. കുടുംബസ്വത്ത് കൂടുതൽ ലഭിക്കാനായി സമ്മർദ്ദം ചെലുത്താനാണ് പരാതികളെന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അങ്കമാലി കല്ലുപാലം മൂലൻവീട്ടിൽ വർഗീസ് പിതാവ് ദേവസി, സഹോദരങ്ങളായ ജോസ്, സാജു, ജോയി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. പിതാവും സഹോദരങ്ങളും സമ്പാദിച്ച സ്വത്തുക്കളിൽ തന്റെ നാലിലൊന്നു വിഹിതമായ 80 കോടി രൂപയുടെ സ്വത്തുക്കൾ പിതാവും സഹോദരങ്ങളും തട്ടിയെടുത്തെന്നായിരുന്നു പരാതി.

2010ൽ കുടുംബസ്വത്ത് ഭാഗംവയ്പിൽ സഹോദരങ്ങൾക്ക് ഭാഗ ഉടമ്പടി പ്രകാരം ഒഴിമുറിവിഹിതം നൽകാൻ പിതാവ് ദേവസിക്ക് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ വർഗീസ് മുക്ത്യാർ നൽകിയിരുന്നു. 2011 മേയിൽ രജിസ്‌ട്രേഷന് മൂന്നുദിവസം മുമ്പ് ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ മുക്ത്യാർ റദ്ദാക്കിയത് അങ്കമാലി രജിസ്ട്രാറെയോ പിതാവിനെയോ സഹോദരങ്ങളെയോ അറിയിച്ചില്ല. രജിസ്‌ട്രേഷൻ പൂർത്തിയാകാനുള്ള ചില സ്വത്തുക്കളിൽ കൂടുതൽ ലഭിക്കാൻ സമ്മർദ്ദം ചെലുത്താനാണ് പരാതി നൽകിയതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

മൂലൻസ് ഇന്റർനാഷണൽ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ വർഗീസിന്റെയും മാർഗരറ്റിന്റെയും ഓഹരികൾ കൈമാറ്റം ചെയ്ത രേഖകളുണ്ട്. എൽ ആൻഡ് പി ഓയിൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് വർഗീസിന്റെ മകൻ വിജയ് രാജിവച്ചതിന്റെയും ഓഹരി കൈമാറിയതിന്റെയും രേഖകളുണ്ട്.

14 വർഷമായി പിതാവിനും തങ്ങൾക്കുമെതിരെ പരാതികൾ നൽകാനും മാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താനും വർഗീസ് ശ്രമിച്ചതായി സഹോദരങ്ങൾ പറഞ്ഞു.