കൊച്ചി: വനിതകൾക്ക് പാർലമെന്ററി ജനാധിപത്യത്തിലും നടപടിക്രമങ്ങളിലും കൂടുതൽ അറിവ് പകരുകയെന്ന ലക്ഷ്യത്തോടെ ഷീ പാർലമെന്റും മോഡൽ നിയമസഭയുമായി ജില്ലാ പഞ്ചായത്ത്. നാളെ രാവിലെ 9.30ന് ഭാരത് മാതാ കോളേജിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
നിയമസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, അഡീഷണൽ സെക്രട്ടറി വിജയകുമാർ എന്നിവർ നേതൃത്വം നല്കും. കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള മുഖ്യാതിഥിയാകും.
ജില്ലയിൽനിന്ന് തിരഞ്ഞെടുത്ത പരിശീലനം നേടിയ വനിതകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവരിൽനിന്ന് ഗവർണർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രസംഗം, ഗവർണറുടെ പ്രസംഗത്തിന്മേലുള്ള ചർച്ച, ചോദ്യോത്തരവേള, അടിയന്തരപ്രമേയം തുടങ്ങി പാർലമെന്ററി നിയമസഭ നടപടിക്രമങ്ങളെല്ലാം മോഡൽ നിയമസഭയിലും ഉണ്ടാകും. പൊതുജനങ്ങൾക്ക് മോഡൽ നിയമസഭ വീക്ഷിക്കുന്നതിന് സൗകര്യമുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് കേരള നിയമസഭയുടെ സമ്മേളനം ഒരുദിവസം കാണുന്നതിനുള്ള സംവിധാനവും പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.