beat

കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്‌സിംഗ് സീറ്റ് നല്കാത്തതിന് ഇടനിലക്കാരന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡരികിൽ തള്ളി. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി മാത്യുവിനാണ് മർദ്ദനമേറ്റത്. കണ്ണിന് പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് പേർ ഒളിവിലാണ്.

ആലപ്പുഴ സ്വദേശികളായ റെയീസ് (33), കൃഷ്ണ എം. നായർ (19), തൃശൂർ സ്വദേശി ജോവി ജോഷി (27), കളമശേരി സ്വദേശി നസറുദ്ദീൻ (27), ഏലൂർ സ്വദേശി നൽകുൽ എസ്. ബാബു (35) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയും മറ്റൊരാളും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് നാല് കാറുകൾ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇടനിലക്കാരനായ എറണാകുളം സ്വദേശി അഖിലിനെ വിശ്വസിച്ച് റെയീസ്, നഴ്‌സിംഗ് സീറ്റുകൾ നല്കാമെന്ന് ഉറപ്പു നൽകി അഞ്ച് പേരിൽ നിന്നായി 18.5 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം അഖിലിന് നല്കിയെങ്കിലും വാഗ്ദാനം ചെയ്ത സീറ്റ് ലഭിച്ചില്ല. പണം തിരിച്ചു നല്കിയതുമില്ല.

അഖിലിനെ അന്വേഷിച്ചു നടക്കുകയായിരുന്ന റെയീസ് ഇയാളെ കണ്ടെത്താനാണ് ജോഷിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ജോഷിയെ പാലാരിവട്ടം ബൈപ്പാസിലേക്ക് വിളിച്ചുവരുത്തിയ സംഘം ജോഷിയെ കാറിലേക്ക് ബലമായി കയറ്റി ഇൻഫോ പാർക്കിന് സമീപത്തെ റെസ്റ്റോറന്റിലെ രഹസ്യമുറിയിൽ എത്തിച്ചു. അഖിലിന്റെ കേന്ദ്രങ്ങളെക്കുറിച്ച് അരാഞ്ഞായിരുന്നു മർദ്ദനം. രണ്ട് മണിക്കൂർ കഴിഞ്ഞ് മറ്റൊരു കാറിൽ ചിറ്റൂർ റോഡിലെ ആളൊഴിഞ്ഞയിടത്ത് ഇറക്കിവിടുകയായിരുന്നു. ജോഷിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.

 സീറ്റ് ഇടപാട് അന്വേഷിക്കും

കൊച്ചിയിലെ ചില നഴ്സിംഗ് കോളേജുകളിലെ സീറ്റുകളാണ് അഖിൽ വാഗ്ദാനം ചെയ്തിരുന്നത്. നേരത്തെ റെയീസിനായി ഇയാൾ സീറ്റ് തരപ്പെടുത്തിയിരുന്നു. ഇതാണ് ഇത്രയും തുക അഖിലിന് നൽകാൻ ഇടയാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.