
കൊച്ചി: കുസാറ്റിൽ നവംബർ 25ന് നാലുപേർ മരിച്ച തിക്കിത്തിരക്ക് സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് പുറമേ മൂന്ന് അന്വേഷണങ്ങൾകൂടി നടക്കുന്നുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. വി. മീര ഹൈക്കോടതിയെ അറിയിച്ചു. ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നല്കിയ ഹർജിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കിയത്.
സംഭവത്തെത്തുടർന്ന് 27ന് സർവകലാശാല സിൻഡിക്കേറ്റ് യോഗം മൂന്നംഗ ഉപസമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. സംഘാടനത്തിലെ വീഴ്‌ച പരിശോധിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തടയാനുമുള്ള നിർദ്ദേശങ്ങൾ നല്കാനുമാണ് സിൻഡിക്കേറ്റ് അംഗം കെ.കെ. കൃഷ്‌ണകുമാർ കൺവീനറായ സമിതിക്ക് രൂപം നല്കിയത്.
ഇതിനുപുറമേ തൃക്കാക്കര അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നു. സംഭവമുണ്ടായ ഉടൻ സർക്കാർ കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവംബർ 28ന് വിദഗ്ദ്ധസമിതിയെ വിശദമായ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമേ എറണാകുളം കളക്ടർ ഫോർട്ടുകൊച്ചി സബ് കളക്ടറോട് മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സ്കൂൾ ഒഫ് എൻജിനിയറിംഗ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക്‌കുമാർ സാഹു ഹർജിയിൽ കക്ഷിചേരാൻ ഉപഹർജി നൽകിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ താനായിരുന്നു പ്രിൻസിപ്പലെന്നും അതിനാലാണ് കക്ഷിചേർക്കാൻ അപേക്ഷ നല്കുന്നതെന്നും ഉപഹർജിയിൽ പറയുന്നു.